
ന്യൂയോർക്ക്: അമേരിക്കയുടെ കിഴക്കൻ മേഖലകളിൽ വരും ദിവസങ്ങളിൽ അതിശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഏകദേശം 100 ദശലക്ഷത്തോളം (10 കോടി) ആളുകളെ ഈ പ്രതിഭാസം ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ആർട്ടിക് പ്രദേശത്ത് നിന്നുള്ള തണുത്ത കാറ്റ് ആഞ്ഞടിക്കുന്നതിനാൽ വടക്കുകിഴക്കൻ അമേരിക്കയിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയേക്കാം.
കാറ്റ് കൂടി വീശുന്നതിനാൽ താപനില മൈനസ് 20 ഡിഗ്രി മുതൽ മൈനസ് 35 ഡിഗ്രി ഫാരൻഹീറ്റ് വരെ താഴാൻ സാധ്യതയുണ്ട്. ഇത്രയും കുറഞ്ഞ തണുപ്പിൽ പുറത്തിറങ്ങുന്നത് ഹൈപ്പോതെർമിയ, ഫ്രോസ്റ്റ്‌ബൈറ്റ് എന്നിവയ്ക്ക് കാരണമായേക്കാം.
പെൻസിൽവാനിയ,ന്യൂയോർക്ക്, ന്യൂജേഴ്‌സി, കണക്റ്റിക്കട്ട്, മസാച്യുസെറ്റ്‌സ്, വെർമോണ്ട് തുടങ്ങിയ സംസ്ഥാനങ്ങളിൽ “എക്സ്ട്രീം കോൾഡ് വാണിംഗ്” പുറപ്പെടുവിച്ചിട്ടുണ്ട്. തണുപ്പിനൊപ്പം പലയിടങ്ങളിലും ചെറിയ തോതിലുള്ള മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. ന്യൂയോർക്ക്, ബോസ്റ്റൺ തുടങ്ങിയ നഗരങ്ങളിൽ ഈ വാരാന്ത്യത്തിൽ മഞ്ഞുവീഴ്ചയും കടുത്ത തണുപ്പും പ്രതീക്ഷിക്കുന്നു.
പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാനും, പുറത്തിറങ്ങുകയാണെങ്കിൽ ഒന്നിലധികം ലെയറുകളുള്ള വസ്ത്രങ്ങൾ ധരിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ മുതിർന്ന പൗരന്മാരുടെയും കുട്ടികളുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും അറിയിപ്പുണ്ട്. ഈ അതിശൈത്യം ഞായറാഴ്ച ഉച്ചവരെ നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Extreme cold in eastern US; Weather Center warns, 100 million people on alert













