
ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റിയിൽ ആഴ്ചകളായി തുടരുന്ന കഠിനമായ ശൈത്യതരംഗത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി എന്ന് മേയർ സോഹ്‌റാൻ മംദാനിസ്ഥിരീകരിച്ചു. മരിച്ചവരിൽ മിക്കവരും തെരുവുകളിൽ കഴിഞ്ഞിരുന്നവരാണ്. ഹൈപ്പോതെർമിയ (ശരീരതാപനില അപകടകരമായി താഴുന്നത്) ആണ് പ്രധാന മരണകാരണമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
1961-ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ശൈത്യതരംഗത്തിലൂടെയാണ് നഗരം കടന്നുപോകുന്നത്. ജനുവരി അവസാനം മുതൽ തുടർച്ചയായി 13 ദിവസത്തോളം താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെയായിരുന്നു. കടുത്ത തണുപ്പിനെത്തുടർന്ന് നഗരത്തിൽ ‘കോഡ് ബ്ലൂ’ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ ഭവനരഹിതർക്ക് ഷെൽട്ടറുകളിൽ പ്രവേശനം എളുപ്പമാക്കുകയും കൂടുതൽ സഹായങ്ങൾ നൽകുകയും ചെയ്യുന്നു.
“നഷ്ടപ്പെട്ട ഓരോ ജീവനും ഒരു ദുരന്തമാണ്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു,” മേയർ സൊഹ്റാൻ മംദാനി പറഞ്ഞു. വരും ദിവസങ്ങളിൽ താപനില നേരിയ തോതിൽ ഉയരുമെങ്കിലും സാധാരണയേക്കാൾ കുറവായിരിക്കുമെന്നും, അതിനാൽ സുരക്ഷിതരായി വീടിനുള്ളിൽ തന്നെ കഴിയണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഭവനരഹിതരായ ഏകദേശം 1,400 പേരെ ഷെൽട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ, കൂടുതൽ ഹോട്ടൽ മുറികൾ ഷെൽട്ടറുകളായി സജ്ജീകരിക്കുകയും 150-ഓളം അധിക ജീവനക്കാരെ സഹായത്തിനായി തെരുവുകളിൽ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. മഞ്ഞ് ഉരുകി കെട്ടിടങ്ങളിൽ നിന്ന് താഴേക്ക് വീഴാൻ സാധ്യതയുള്ളതിനാലും രാത്രിയിൽ റോഡുകളിൽ മഞ്ഞ് വീണ്ടും കട്ടപിടിക്കാൻ സാധ്യതയുള്ളതിനാലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എമർജൻസി മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു.
ശനിയാഴ്ച ബ്രോങ്ക്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ 86 വയസ്സുകാരനാണ് 18-ാമത്തെ ഇര. അതേസമയം, നഗരത്തിലെ ഭവനരഹിതരെ സംരക്ഷിക്കുന്നതിൽ ഭരണകൂടത്തിന് വീഴ്ച പറ്റിയെന്ന് ആരോപിച്ച് ശക്തമായ വിമർശനങ്ങളും ഉയരുന്നുണ്ട്.
Extreme cold in New York City; 18 dead, city faces longest cold wave since 1961















