ട്രംപിന്റെ ആർച്ച് നിർമ്മാണത്തിന് അനുമതി നൽകി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ; വിമാന സർവീസുകളെ ബാധിക്കില്ലെന്ന് വിലയിരുത്തൽ

വാഷിം​ഗ്ടൺ: ആർലിങ്ടൺ സെമിത്തേരിക്ക് സമീപവും ലിങ്കൺ മെമ്മോറിയലിനോട് ചേർന്നും പ്രസിഡന്റ് ട്രംപ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വിജയകമാനത്തിന് അനുമതി നൽകി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ). വാഷിംഗ്ടൺ റീഗൻ നാഷണൽ എയർപോർട്ടിൽ നിന്നുള്ള വിമാന സർവീസുകളെ ഈ നിർമ്മാണം ബാധിക്കില്ലെന്ന് വെള്ളിയാഴ്ച നടത്തിയ വിലയിരുത്തലിൽ എഫ്എഎ വ്യക്തമാക്കി. എയർപോർട്ടിന്റെ വ്യോമപാതയെയോ നാവിഗേഷൻ സംവിധാനങ്ങളെയോ ഘടന പ്രതികൂലമായി ബാധിക്കില്ലെന്നാണ് എഫ്എഎയുടെ നിഗമനം. നിർമ്മാണം ആരംഭിക്കുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പ് തങ്ങളെ അറിയിക്കണമെന്നും ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.

വാഷിംഗ്ടൺ റീഗൻ നാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യുകയും ടേക്ക് ഓഫ് ചെയ്യുകയും ചെയ്യുന്ന വിമാനങ്ങളുടെ പാതയിലാണ് ആർച്ച് നിർമ്മിക്കുന്നത് എന്നതിനാൽ ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എയർപോർട്ടിന്റെ പ്രവർത്തന ശേഷിയെയോ പൈലറ്റുമാരുടെ ജോലിയെയോ ഇത് ബാധിക്കുമോ എന്ന് പൊതുജനങ്ങളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നാണ് എഫ്എഎ കണ്ടെത്തിയത്. 260 അടി ഉയരമുള്ള ഈ ആർച്ച് സങ്കീർണ്ണമായ വ്യോമപാതയിൽ കൂടുതൽ അപകടസാധ്യത ഉണ്ടാക്കുമെന്ന് ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ ഇവിടെയുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ ഈ പദ്ധതി അപകടകരമാണെന്ന് ഇല്ലിനോയിയിൽ നിന്നുള്ള സെനറ്റർ ടാമ്മി ഡക്ക്വർത്ത് എഫ്എഎയ്ക്ക് അയച്ച കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.

എയർപോർട്ടിന് സമീപം അനുവദനീയമായ 200 അടി പരിധി കവിയുന്നതാണ് ഈ ആർച്ച് എന്നതിനാൽ എഫ്എഎ നേരത്തെ തന്നെ പ്രാരംഭ പരിശോധന നടത്തിയിരുന്നു. വിമാന സർവീസുകളെയോ നാവിഗേഷൻ ടൂളുകളെയോ ഇത് ബാധിക്കില്ലെന്ന് പ്രസ്തുത പരിശോധനയിൽ വ്യക്തമായിരുന്നു. എങ്കിലും വിമാനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി നിർമ്മിതിയിൽ ഒബ്‌സ്ട്രക്ഷൻ ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നിർദ്ദേശിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തന്നെ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More Stories from this section

family-dental
witywide