”അത് കാമുകനായിരുന്നില്ല, റൂം മേറ്റ് മാത്രം, നികിതയുടെ പക്കൽ നിന്നും വാങ്ങിയ പണം തിരികെ ചോദിച്ചതാകാം കൊലപാതക കാരണം” യുഎസിൽ കൊല്ലപ്പെട്ട ഹൈദരാബാദ് സ്വദേശിനിയുടെ പിതാവ്

മേരിലാൻഡ്: അമേരിക്കയിലെ മേരിലാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഹൈദരാബാദ് സ്വദേശിനി നികിത ഗോഡിഷാലയുടെ (27) മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പിതാവ് ആനന്ദ് ഗോഡിഷാല. പ്രതിയായ അർജുൻ ശർമ്മ നികിതയുടെ മുൻ കാമുകനാണെന്ന വാർത്തകൾ പിതാവ് നിഷേധിച്ചു. അയാൾ നികിതയുടെ മുൻ റൂംമേറ്റ് മാത്രമായിരുന്നുവെന്നും കാമുകനായി തെറ്റായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, അർജുൻ ശർമ്മ പലരിൽ നിന്നായി വലിയ തുക കടം വാങ്ങിയിരുന്നുവെന്നും. നികിതയുടെ പക്കൽ നിന്നും ഇയാൾ പണം വാങ്ങിയിരുന്നുവെന്നും, അത് തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാകാം കൊലപാതകത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. കൊലപാതകം നടത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന പ്രതിയെ എത്രയും വേഗം പിടികൂടി കഠിനമായ ശിക്ഷ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഡിസംബർ 31-ന് രാത്രി നികിത തന്നെ വിളിച്ച് പുതുവത്സരാശംസകൾ നേർന്നിരുന്നുവെന്നും അതാണ് അവസാനമായി സംസാരിച്ചതെന്നും അദ്ദേഹം വേദനയോടെ ഓർത്തെടുത്തു. നാല് വർഷമായി അമേരിക്കയിൽ ജോലി ചെയ്തിരുന്ന നികിതയെ 2026 ജനുവരി 3-നാണ് കൊളംബിയയിലെ ഒരു അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം, നികിതയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Father reveals more about the death of Hyderabad native Nikita Godishala, who was found dead in Maryland, USA