ആ വീരന്മാരെ ഞങ്ങൾ മറന്നിട്ടില്ലെന്ന് യുഎസ്, ബെൻഗാസി ഭീകരാക്രമണത്തിന് മുഖ്യസൂത്രധാരനെ എഫ്ബിഐ പിടികൂടി; അമേരിക്കയിലെത്തിച്ചു

വാഷിംഗ്ടൺ: 2012 സെപ്റ്റംബർ 11-ന് ലിബിയയിലെ ബെൻഗാസിയിൽ അമേരിക്കൻ നയതന്ത്ര കാര്യാലയത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ പങ്കാളിയായ പ്രധാന പ്രതിയെ എഫ്ബിഐ പിടികൂടി. ലിബിയയിൽ നിന്ന് പിടികൂടിയ പ്രതിയെ ഇന്ന് രാവിലെ അമേരിക്കയിലെത്തിച്ചതായി അറ്റോർണി ജനറൽ പാം ബോണ്ടി അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ പ്രതിയുടെ പേര് പുറത്തുവിട്ടിട്ടില്ലെങ്കിലും, ബെൻഗാസി ആക്രമണത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും ഇയാൾക്ക് വലിയ പങ്കുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

കൊലപാതകം, ഭീകരവാദം, തീവെപ്പ് എന്നീ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഉടൻ തന്നെ ഇദ്ദേഹത്തെ ഫെഡറൽ കോടതിയിൽ ഹാജരാക്കും. 2012-ൽ നടന്ന ആ ആക്രമണത്തിൽ യുഎസ് അംബാസഡർ ക്രിസ്റ്റഫർ സ്റ്റീവൻസ് ഉൾപ്പെടെ നാല് അമേരിക്കൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്. ഈ സംഭവം അമേരിക്കൻ രാഷ്ട്രീയത്തിൽ വർഷങ്ങളോളം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

“ആ വീരന്മാരെ ഞങ്ങൾ ഒരിക്കലും മറന്നിട്ടില്ല. രാജ്യത്തിനെതിരെ നടന്ന ആ കുറ്റകൃത്യത്തിന് നീതി തേടുന്നത് ഞങ്ങൾ അവസാനിപ്പിച്ചിട്ടില്ല,” പാം ബോണ്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുൻപ് 2014-ലും 2017-ലും ഈ കേസിലെ മറ്റ് ചില പ്രതികളെ പിടികൂടിയിരുന്നു. ഒടുവിൽ നടന്ന ഈ അറസ്റ്റ് ബെൻഗാസി കേസിലെ അന്വേഷണത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രംപ് ഭരണകൂടം കാണുന്നത്.

More Stories from this section

family-dental
witywide