എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിൻ്റെ സ്വകാര്യ ഇമെയിൽ ഹാക്ക് ചെയ്തു; വിവരങ്ങൾ പുറത്തുവിട്ട് ഇറാൻ ബന്ധമുള്ള ഹാക്കർമാർ

വാഷിംഗ്ടൺ: അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഡയറക്ടർ കാഷ് പട്ടേലിൻ്റെ സ്വകാര്യ ഇമെയിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇറാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ഹൻസാല’ എന്ന ഹാക്കിംഗ് ഗ്രൂപ്പാണ് ഇതിന് പിന്നിലെന്ന് അമേരിക്കൻ അധികൃതർ സ്ഥിരീകരിച്ചു. കാഷ് പട്ടേലിൻ്റെ വ്യക്തിപരമായ നൂറുകണക്കിന് രേഖകളും ഫോട്ടോകളും ഹാക്കർമാർ പരസ്യപ്പെടുത്തിയിട്ടുണ്ട്.

കാഷ് പട്ടേലിൻ്റെ സ്വകാര്യ ഇമെയിലിൽ ഉണ്ടായിരുന്ന 300-ഓളം രേഖകളാണ് ഹാക്കർമാർ പുറത്തുവിട്ടത്. ഇതിൽ അദ്ദേഹത്തിൻ്റെ ബയോഡേറ്റ, യാത്രാ രേഖകൾ, ബിസിനസ് ഇടപാടുകൾ, സുഹൃത്തുക്കളോടൊപ്പമുള്ള ഫോട്ടോകൾ എന്നിവ ഉൾപ്പെടുന്നു.

ചോർന്ന വിവരങ്ങൾ ഭൂരിഭാഗവും 2011 മുതൽ 2022 വരെയുള്ള കാലയളവിലെ പഴയ രേഖകളാണെന്ന് എഫ്ബിഐ വക്താവ് ബെൻ വില്യംസൺ അറിയിച്ചു. എഫ്ബിഐയുടെ നിലവിലെ ഔദ്യോഗിക ഫയലുകളോ അതീവ രഹസ്യസ്വഭാവമുള്ള സർക്കാർ വിവരങ്ങളോ ചോർത്തപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

കാഷ് പട്ടേലിനെ വ്യക്തിപരമായി അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാക്കർമാർ പ്രവർത്തിച്ചത്. തങ്ങളുടെ ചില വെബ്‌സൈറ്റുകൾ യുഎസ് നീതിന്യായ വകുപ്പ് പൂട്ടിച്ചതിലുള്ള പ്രതികാരമായാണ് ഈ നീക്കമെന്ന് ഹൻസാല ഗ്രൂപ്പ് അവകാശപ്പെടുന്നു.

സംഭവത്തെ ഗൗരവമായി കാണുന്ന അമേരിക്കൻ ഭരണകൂടം, ഹാക്കർമാരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്യൺ ഡോളർ (ഏകദേശം 84 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ചു. യുഎസ് സുരക്ഷാ ഏജൻസിയുടെ തലവൻ്റെ തന്നെ സ്വകാര്യ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഹാക്കിംഗിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

FBI Director Kash Patel’s private email hacked; Iran-linked hackers release information

More Stories from this section

family-dental
witywide