സർക്കാർ കരാറുകാരനിൽ നിന്ന് അതീവ രഹസ്യവിവരങ്ങൾ ശേഖരിച്ചു ; വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടറുടെ വീട്ടിൽ എഫ്ബിഐ പരിശോധന

വാഷിംഗ്ടൺ : ജോലിയുടെ ഭാഗമായി ശേഖരിച്ച രഹസ്യ വിവരങ്ങൾ തേടി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടറുടെ വീട്ടിൽ എഫ്ബിഐ പരിശോധന നടത്തി. ഹന്ന നാറ്റൻസന്റെ വീട്ടിൽ ബുധനാഴ്ചയാണ് ഉദ്യോഗസ്ഥർ എത്തിയതും രേഖകൾ പിടിച്ചെടുക്കാൻ തിരച്ചിൽ നടത്തിയതും. പെന്റഗൺ കരാറുകാരൻ രഹസ്യരേഖകൾ ചോർത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് വിർജീനിയയിലുള്ള ഇവരുടെ വീട്ടിൽ പരിശോധന നടന്നത്.

ഹന്നയുടെ ഫോൺ, രണ്ട് ലാപ്ടോപ്പുകൾ (ഒന്ന് വ്യക്തിഗതവും മറ്റൊന്ന് വാഷിംഗ്ടൺ പോസ്റ്റിന്റേതും), ഒരു ഗാർമിൻ വാച്ച് എന്നിവ എഫ്ബിഐ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ട്രംപ് ഭരണകൂടത്തിന് കീഴിൽ ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടുന്നതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്ന ഹന്നയെ, ഒരു സർക്കാർ കരാറുകാരനിൽ നിന്ന് അതീവ രഹസ്യവിവരങ്ങൾ ശേഖരിച്ചു എന്നാരോപിച്ചാണ് എഫ്ബിഐ ലക്ഷ്യം വെച്ചത്. എങ്കിലും ഹന്നയല്ല ഈ അന്വേഷണത്തിലെ പ്രധാന പ്രതിയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

എഫ്ബിഐ സത്യവാങ്മൂലത്തിൽ സർക്കാർ കരാറുകാരനായ പെരസ്-ലുഗോൺസിനെതിരെ കഴിഞ്ഞയാഴ്ച മേരിലാൻഡിലെ ഫെഡറൽ കോടതിയിൽ ദേശീയ പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി സൂക്ഷിച്ചുവെന്നാരോപിച്ച് കുറ്റം ചുമത്തിയതായി പറയുന്നു. പെരസ്-ലുഗോൺസ് തന്റെ മൊബൈൽ വഴി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടറുമായി ആശയവിനിമയം നടത്തുകയും ചാറ്റ് വഴി രഹസ്യ വിവരങ്ങൾ പങ്കിടുകയും ചെയ്തുവെന്നാണ് ആരോപിക്കപ്പെടുന്നത്. പെരസ്-ലുഗോൺസിന്റെ വീടും കാറും അധികൃതർ പരിശോധിച്ചപ്പോൾ ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ കണ്ടെത്തിയതായി ഡിഒജെ ഉദ്യോഗസ്ഥൻ പറഞ്ഞു. എഫ്ബിഐ സത്യവാങ്മൂലത്തിൽ ഈ അവകാശവാദവും ഉൾപ്പെടുത്തിയിട്ടുണ്ട്.

റിപ്പോർട്ടറുടെ വീട്ടിൽ പരിശോധന നടത്തിയ വിവരം എഫ്‌ബി‌ഐ ഡയറക്ടർ കാഷ് പട്ടേൽ ബുധനാഴ്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. “ഒരു സർക്കാർ കോൺട്രാക്ടറിൽ നിന്ന് രഹസ്യവും സെൻസിറ്റീവുമായ സൈനിക വിവരങ്ങൾ നേടുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തതായി കണ്ടെത്തിയ വാഷിംഗ്ടൺ പോസ്റ്റിലെ ഒരു വ്യക്തിക്കെതിരെ എഫ്‌ബി‌ഐ ഒരു സെർച്ച് വാറണ്ട് നടപ്പിലാക്കി – നമ്മുടെ യുദ്ധവിമാനങ്ങളെ അപകടത്തിലാക്കുകയും അമേരിക്കയുടെ ദേശീയ സുരക്ഷയെ അപകടപ്പെടുത്തുകയും ചെയ്തു. ചോർത്തിയതായി ആരോപിക്കപ്പെടുന്ന ആളെ ഈ ആഴ്ച അറസ്റ്റ് ചെയ്തു, ഇപ്പോൾ കസ്റ്റഡിയിലാണ്.”- അദ്ദേഹം കുറിച്ചു.

അതേസമയം, മാധ്യമപ്രവർത്തകരുടെ വീട്ടിൽ ഇത്തരത്തിൽ പരിശോധന നടത്തുന്നത് അത്യപൂർവ്വമാണെന്നും ഇത് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും വാഷിംഗ്ടൺ പോസ്റ്റ് എക്സിക്യൂട്ടീവ് എഡിറ്റർ മാറ്റ് മുറെ ഉൾപ്പെടെയുള്ളവർ വിമർശിച്ചു.

FBI raids Washington Post reporter’s home after collecting highly classified information from government contractor.

More Stories from this section

family-dental
witywide