അമേരിക്കയിൽ ‘എടിഎം ജാക്ക്‌പോട്ടിംഗ്’ വർദ്ധിച്ചുവരുന്നതായി എഫ്ബിഐ റിപ്പോർട്ട്, പ്രത്യേക ജാഗ്രതാ നിർദേശം; എന്താണിത് ? സാധാരണ ഉപയോക്താക്കളെ നേരിട്ട് ബാധിക്കുമോ?

അമേരിക്കയിലുടനീളം വർദ്ധിച്ചുവരുന്ന ‘എടിഎം ജാക്ക്‌പോട്ടിംഗ്’ (ATM Jackpotting) സംഭവങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി എഫ്ബിഐ. ബാങ്ക് കാർഡോ അക്കൗണ്ട് വിവരങ്ങളോ ഇല്ലാതെ തന്നെ, എടിഎം മെഷീനിലെ സോഫ്റ്റ്‌വെയർ തകരാറുകൾ മുതലെടുത്ത് നിയമവിരുദ്ധമായി പണം പുറത്തെടുക്കുന്ന രീതിയാണ് ‘എടിഎം ജാക്ക്‌പോട്ടിംഗ്’. മെഷീനിൽ നിന്നും ഒരു ലോട്ടറി അടിച്ചത് പോലെ പണം പുറത്തേക്ക് വരുന്നതിനാലാണ് ഇതിനെ ‘ജാക്ക്‌പോട്ടിംഗ്’ എന്ന് വിളിക്കുന്നത്. 2025-ൽ മാത്രം ഇത്തരത്തിൽ 20 മില്യൺ ഡോളറിലധികം (ഏകദേശം 165 കോടിയിലധികം രൂപ) നഷ്ടം സംഭവിച്ചിട്ടുണ്ട്.

‘Ploutus’ പോലുള്ള അപകടകരമായ സോഫ്റ്റ്‌വെയറുകൾ (Malware) ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. എടിഎമ്മിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ‘eXtensions for Financial Services (XFS)’ എന്ന സോഫ്റ്റ്‌വെയർ പാളിയെയാണ് ഈ മാൽവെയർ ലക്ഷ്യമിടുന്നത്. ഒരിക്കൽ ഈ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്താൽ, ബാങ്കിൻ്റെ അനുമതിയില്ലാതെ തന്നെ മെഷീന് പണം നൽകാൻ നിർദ്ദേശം നൽകാൻ കുറ്റവാളികൾക്ക് സാധിക്കും. അതായത്, ഈ മാൽവെയർ എടിഎമ്മിന്റെ സോഫ്റ്റ്‌വെയറിനെ മറികടന്ന് പണം പുറത്തുവിടാൻ മെഷീന് നേരിട്ട് നിർദ്ദേശം നൽകുന്നു.

സാധാരണയായി എടിഎമ്മിന്റെ മുൻഭാഗം വ്യാജ താക്കോൽ ഉപയോഗിച്ച് തുറന്ന ശേഷം, അതിലെ ഹാർഡ് ഡ്രൈവ് മാറ്റി പകരം മാൽവെയർ അടങ്ങിയ പുതിയ ഡ്രൈവ് വെച്ചോ അല്ലെങ്കിൽ നിലവിലുള്ളതിൽ വൈറസ് കയറ്റിയോ ആണ് ഇത് നടപ്പിലാക്കുന്നത്.

2020 മുതൽ 1,900-ഓളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇതിൽ മൂന്നിലൊന്നും കഴിഞ്ഞ വർഷമാണ് നടന്നത്. ഈ തട്ടിപ്പുകൾക്ക് പിന്നിൽ വെനിസ്വേലൻ സംഘമായ Tren de Aragua (TdA) പോലുള്ള അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 90-ലധികം പേരെ ഇതിനോടകം അധികൃതർ പ്രതി ചേർത്തിട്ടുണ്ട്.

ജാഗ്രതാ നിർദ്ദേശങ്ങൾ

സാധാരണ അറ്റകുറ്റപ്പണികൾ ഇല്ലാത്ത സമയത്ത് എടിഎം വാതിലുകൾ തുറന്ന നിലയിൽ കാണുക, മെഷീനിൽ അനാവശ്യ ഉപകരണങ്ങൾ ഘടിപ്പിച്ചിരിക്കുക, അല്ലെങ്കിൽ മെഷീൻ പെട്ടെന്ന് പ്രവർത്തിക്കാതാവുക, സാധാരണ ഉപയോഗത്തിലല്ലാതെ പെട്ടെന്ന് മെഷീനിൽ പണം തീർന്നുപോകുകയോ അല്ലെങ്കിൽ ‘No Cash’ ലക്ഷണങ്ങൾ കാണിക്കുകയോ ചെയ്യുക, എടിഎം അപ്രതീക്ഷിതമായി ‘Out of Service’ ആകുക തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കാൻ എഫ് ബി ഐ നിർദ്ദേശിക്കുന്നു. 

ബാങ്കുകൾക്കും എടിഎം ഓപ്പറേറ്റർമാർക്കും അവരുടെ സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കാനും സോഫ്റ്റ്‌വെയറുകൾ അപ്‌ഡേറ്റ് ചെയ്യാനും എഫ് ബി ഐ നിർദ്ദേശം നൽകിയിട്ടുണ്ട്. സാധാരണ ഇടപാടുകാരെ ഇത് നേരിട്ട് ബാധിക്കില്ലെങ്കിലും ബാങ്കുകളുടെ നഷ്ടം ഉപഭോക്താക്കൾക്ക് ഭാവിയിൽ ബാധ്യതയായേക്കാം.

FBI report says ‘ATM jackpotting’ is on the rise in America

Also Read

More Stories from this section

family-dental
witywide