
ഡീഗോ ഗാർഷ്യ: ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ സംയുക്ത യുഎസ്-യുകെ സൈനിക താവളമായ ഡീഗോ ഗാർഷ്യയ്ക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത നീക്കം മേഖലയിൽ വൻ യുദ്ധഭീതിക്ക് കാരണമായിട്ടുണ്ട്.
ഇറാനിൽ നിന്ന് രണ്ട് ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകളാണ് ഡീഗോ ഗാർഷ്യ ലക്ഷ്യമാക്കി വിക്ഷേപിച്ചത്. എന്നാൽ ഇവ ലക്ഷ്യസ്ഥാനത്ത് പതിച്ചിട്ടില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
വിക്ഷേപിച്ച മിസൈലുകളിൽ ഒന്ന് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ തകർന്നു വീണു. രണ്ടാമത്തെ മിസൈലിനെ പ്രതിരോധിക്കാൻ യുഎസ് യുദ്ധക്കപ്പലിൽ നിന്ന് ‘എസ്എം-3’ (SM-3) ഇൻ്റർസെപ്റ്റർ മിസൈൽ പ്രയോഗിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താവളത്തിന് നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചിട്ടില്ല.
ഇറാനിൽ നിന്ന് ഏകദേശം 4,000 കിലോമീറ്റർ അകലെയാണ് ഡീഗോ ഗാർഷ്യ സ്ഥിതി ചെയ്യുന്നത്. തങ്ങളുടെ മിസൈലുകളുടെ പരിധി 2,000 കിലോമീറ്റർ മാത്രമാണെന്ന ഇറാൻ്റെ മുൻ അവകാശവാദങ്ങളെ തിരുത്തുന്നതാണ് ഈ ആക്രമണം. ഇത്രയും ദൂരപരിധിയിലുള്ള മിസൈൽ ആക്രമണം ഇറാൻ നടത്തുന്നത് ഇതാദ്യമാണ്.
ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് ഡീഗോ ഗാർഷ്യയിലെ താവളം ഉപയോഗിക്കാൻ ബ്രിട്ടൻ അമേരിക്കയ്ക്ക് അനുമതി നൽകിയതാണ് ഇറാനെ പ്രകോപിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇറാൻ ഔദ്യോഗികമായി ഈ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും, പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിക്കുന്നത് ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് മേഖലയിൽ യുഎസ് കടുത്ത ജാഗ്രത പ്രഖ്യാപിച്ചു.
Fear of war in the Indian Ocean; Iran’s missile attack on US -UK military base in Diego Garcia















