
മിനിയാപൊളിസ്: അമേരിക്കയിലെ മിനിയാപൊളിസിൽ കുടിയേറ്റ വിരുദ്ധ റെയ്ഡിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ ഫെഡറൽ ഏജന്റുമാർ നടത്തിയ അതിക്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പ്രതിഷേധത്തിനിടെ രണ്ട് ഫെഡറൽ ഏജന്റുമാർ ചേർന്ന് നിലത്ത് അമർത്തിപ്പിടിച്ചിരുന്ന യുവാവിന്റെ മുഖത്തേക്ക് മറ്റൊരു ഏജന്റ് തൊട്ടടുത്ത് നിന്ന് കെമിക്കൽ ഇറിറ്റന്റ് നേരിട്ട് സ്പ്രേ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് 28, 29 സ്ട്രീറ്റുകൾക്ക് സമീപം രണ്ട് കൗമാരക്കാരെ ഫെഡറൽ ഏജന്റുമാർ കസ്റ്റഡിയിലെടുത്തതാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഇതുകണ്ട് പ്രകോപിതരായ നാട്ടുകാരും പ്രതിഷേധക്കാരും ഏജന്റുമാരെ വളയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ മാറ്റാൻ ശ്രമിക്കുന്നതിനിടെ ബോർഡർ പട്രോൾ ഏജന്റ് സൈക്കിളിൽ പോവുകയായിരുന്ന ഒരു സ്ത്രീയെ തള്ളിവീഴ്ത്തി. തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് ഒരു പ്രതിഷേധക്കാരനെ ഏജന്റുമാർ ചേർന്ന് നിലത്ത് വീഴ്ത്തിയത്.
മിനസോട്ട സ്റ്റാർ ട്രിബ്യൂൺ ഫോട്ടോഗ്രാഫർ റിച്ച് സോങ്-താതാരി പകർത്തിയ ചിത്രത്തിൽ, നിലത്ത് വീണുകിടക്കുന്ന യുവാവിന്റെ കണ്ണുകളിലേക്കും മുഖത്തേക്കും ഓറഞ്ച് നിറത്തിലുള്ള കെമിക്കൽ ദ്രാവകം ചീറ്റുന്നതായി വ്യക്തമാണ്. മിനിയാപൊളിസിൽ ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ മെട്രോ സർജ്’ എന്ന കുടിയേറ്റ വിരുദ്ധ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഫെഡറൽ ഏജന്റുമാർ അനാവശ്യമായി ബലപ്രയോഗം നടത്തുന്നുവെന്നും സമാധാനപരമായി പ്രതിഷേധിക്കുന്നവരെപ്പോലും ഉപദ്രവിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി മിനസോട്ട സംസ്ഥാനം ഫെഡറൽ ഗവൺമെന്റിനെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്.















