ട്രംപ് സർക്കാരിന് കനത്ത തിരിച്ചടി: നടപടി സ്റ്റേ ചെയ്ത് ഫെഡറൽ കോടതി; ഹൈതി സ്വദേശികളുടെ സംരക്ഷണ പദവി നിലനിൽക്കും

വാഷിംഗ്ടൺ: അമേരിക്കയിൽ കഴിയുന്ന ഏകദേശം മൂന്നര ലക്ഷത്തോളം ഹൈതി സ്വദേശികളുടെ താൽക്കാലിക സംരക്ഷണ പദവി റദ്ദാക്കാനുള്ള ട്രംപ് സർക്കാരിന്റെ നീക്കം ഫെഡറൽ കോടതി തടഞ്ഞു. ചൊവ്വാഴ്ച ഈ പദവിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ്, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ കോടതിയിലെ ജഡ്ജി ആന റെയസ് സർക്കാരിന്‍റെ തീരുമാനം താൽക്കാലികമായി സ്റ്റേ ചെയ്തത്. ഈ വിഷയത്തിൽ കോടതിയിൽ നിലനിൽക്കുന്ന കേസിൽ അന്തിമ തീരുമാനം വരുന്നത് വരെ ആർക്കും സംരക്ഷണ പദവി നഷ്ടപ്പെടില്ല.

83 പേജുള്ള വിധിന്യായത്തിൽ, ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന്‍റെ നടപടിയെ ജഡ്ജി രൂക്ഷമായി വിമർശിച്ചു. ഹൈതിയിലെ നിലവിലെ സാഹചര്യങ്ങൾ സുരക്ഷിതമാണോ എന്ന് പരിശോധിക്കാതെയാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ, ഹൈതി സ്വദേശികളോടുള്ള വംശീയവും രാഷ്ട്രീയവുമായ മുൻവിധിയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന ഹർജിക്കാരുടെ വാദം ഗൗരവകരമാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറി ക്രിസ്റ്റി നോം ഡിസംബറിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ ഹൈതി സ്വദേശികളെ അധിക്ഷേപിച്ച് നടത്തിയ പരാമർശങ്ങളെയും ജഡ്ജി വിധിയിൽ പരാമർശിച്ചു. കുടിയേറ്റക്കാരെ ‘കൊലയാളികൾ’ എന്നും ‘പരാദങ്ങൾ’ എന്നും വിളിച്ച സെക്രട്ടറി, ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങൾ ലംഘിച്ചുവെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ ഈ ഇടപെടൽ മൂലം ലക്ഷക്കണക്കിന് വരുന്ന ഹൈതി വംശജർക്ക് അമേരിക്കയിൽ തുടരാനും ജോലി ചെയ്യാനുമുള്ള അനുമതി താൽക്കാലികമായി നിലനിൽക്കും.

Also Read

More Stories from this section

family-dental
witywide