അമേരിക്കയിൽ വീണ്ടും കടുംവെട്ട്, പകുതിയോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടമായേക്കാം; ഫെമയിൽ വൻ പിരിച്ചുവിടലിന് നീക്കം

വാഷിംഗ്ടൺ: അമേരിക്കയിലെ ദുരന്തനിവാരണ ഏജൻസിയായ ഫെമയുടെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിടാൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോർട്ട്. ആഭ്യന്തര ഇമെയിൽ സന്ദേശങ്ങളാണ് ഈ നീക്കം വ്യക്തമാക്കുന്നത്. ഏജൻസിയുടെ പ്രവർത്തനക്ഷമത പുനർനിർണ്ണയിക്കുന്നതിന്റെ ഭാഗമായി, അത്യാവശ്യമില്ലാത്ത തസ്തികകൾ കണ്ടെത്തി നീക്കം ചെയ്യാനാണ് നിർദ്ദേശം. കഴിഞ്ഞ ഡിസംബർ 23-ന് മുതിർന്ന ഉദ്യോഗസ്ഥർക്ക് ലഭിച്ച സന്ദേശമനുസരിച്ച്, 11,500-ലധികം ജോലികൾ (ഏകദേശം 50 ശതമാനം) വെട്ടിക്കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന ഒക്ടോബറിൽ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തോടെ ഇത് നടപ്പിലാക്കിയേക്കും.

ദുരന്തമുഖത്ത് നേരിട്ട് പ്രവർത്തിക്കുന്ന ‘കേഡർ ഓഫ് ഓൺ-കോൾ റെസ്പോൺസ് ആൻഡ് റിക്കവറി’ അംഗങ്ങളെയാണ് ഈ നീക്കം കാര്യമായി ബാധിക്കുക. പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ ചില ഉദ്യോഗസ്ഥർക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ഇത്രയും വലിയ തോതിലുള്ള പിരിച്ചുവിടൽ (50%) ലക്ഷ്യമിട്ടിട്ടില്ലെന്നും പ്രചരിക്കുന്ന ഇമെയിലിലെ കണക്കുകൾ അബദ്ധത്തിൽ ഉൾപ്പെട്ടതാണെന്നുമാണ് ഫെമ വക്താവ് പ്രതികരിച്ചത്. എന്നാൽ ഭരണം കാര്യക്ഷമമാക്കാനുള്ള ‘ഡോജ്’ നടപടികളുടെ ഭാഗമായി വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

ഫെമയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് സംസ്ഥാനങ്ങളെ ദുരന്തസമയത്ത് ഒറ്റപ്പെടുത്തുമെന്നും, ഫെഡറൽ സഹായം വൈകാൻ ഇത് കാരണമാകുമെന്നും മുൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. ദുരന്ത നിവാരണത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാന സർക്കാരുകളിലേക്ക് മാറ്റാനാണ് പ്രസിഡന്റ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫെമ അനാവശ്യമായി പണം ചെലവഴിക്കുന്നു എന്ന നിലപാടിലാണ് നിലവിലെ ഭരണകൂടം.

More Stories from this section

family-dental
witywide