
മിസൂറി: അമേരിക്കയിലെ മിസൂറിയിൽ ഡിസ്‌കൗണ്ട് സ്റ്റോറിൽ വിൽപനയ്ക്ക് വെച്ചിരുന്ന ബാർബി പാവകൾക്കുള്ളിൽ മാരക മയക്കുമരുന്നായ ഫെൻ്റനൈൽ (Fentanyl) കണ്ടെത്തിയതായി റിപ്പോർട്ട്. മിസൂറിയിലെ ഇൻഡിപെൻഡൻസ് പൊലീസ് ഡിപ്പാർട്ട്‌മെൻ്റാണ് ശനിയാഴ്ച ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്.
മിസൂറിയിലെ ‘കാർഗോ ലാർഗോ’ എന്ന ഡിസ്‌കൗണ്ട് സ്റ്റോറിലെ സുരക്ഷാ വിഭാഗമാണ് പാവയുടെ പാക്കേജിംഗിനുള്ളിൽ സംശയാസ്പദമായ വെളുത്ത പൊടി കണ്ടെത്തിയത്. തുടർന്ന് നടത്തിയ ലാബ് പരിശോധനയിലാണ് ഇത് അതിമാരകമായ ഫെൻ്റനൈൽ ആണെന്ന് സ്ഥിരീകരിച്ചത്.
പരിശോധനയിൽ മയക്കുമരുന്ന് അടങ്ങിയ അഞ്ച് ബാർബി പാവകൾ ഇതിനോടകം വിറ്റുപോയതായി പൊലീസ് കണ്ടെത്തി. തുടർന്ന് സ്റ്റോർ അധികൃതരുമായി സഹകരിച്ച് നടത്തിയ തിരച്ചിലിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ വിറ്റുപോയ അഞ്ച് പാക്കറ്റുകളും പൊലീസ് തിരികെ കണ്ടെടുക്കുകയായിരുന്നു. ഒരു വീട്ടമ്മ തൻ്റെ മകൾക്കായി വാങ്ങിയ പാവയുടെ പാക്കറ്റ് തുറന്നപ്പോൾ പൊടി വായുവിൽ പടർന്നതായും അവർ വലിയ ആഘാതത്തിലായതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ ഇതുവരെ ആർക്കും ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മറ്റ് റീട്ടെയിൽ സ്ഥാപനങ്ങളിലേക്ക് ഇത്തരം പാവകൾ എത്തിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് കടത്തുകാർ പാവകൾക്കുള്ളിൽ മയക്കുമരുന്ന് ഒളിപ്പിക്കാൻ ഉപയോഗിച്ച തന്ത്രമാകാം ഇതെന്നും സംശയിക്കുന്നു.
Fentanyl found inside Barbie dolls in the US















