
ഫ്ലോറിഡ: അമേരിക്കയിലെ പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പേര് മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനോടുള്ള ബഹുമാനാർത്ഥം പുനർനാമകരണം ചെയ്യുന്നു. വിമാനത്താവളത്തിൻ്റെ പേര് ‘പ്രസിഡൻ്റ് ഡോണൾഡ് ജെ. ട്രംപ് ഇൻ്റർനാഷണൽ എയർപോർട്ട്’ എന്നാക്കി മാറ്റാനുള്ള ബില്ലിൽ ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻ്റിസ് ഒപ്പുവെച്ചു.
ഫെബ്രുവരിയിൽ ഫ്ലോറിഡ നിയമസഭ പാസാക്കിയ ബില്ലിനാണ് ഗവർണർ ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. പുതിയ നിയമം ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരും. ട്രംപിൻ്റെ ഫ്ലോറിഡയിലെ വസതിയായ മാർ-എ-ലാഗോയ്ക്ക് സമീപമാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.
പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾക്കായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ്റെ (FAA) സാങ്കേതിക അനുമതി കൂടി ആവശ്യമാണ്. വിമാനത്താവളങ്ങളുടെ പേര് മാറ്റുന്നത് പ്രാദേശിക തീരുമാനമാണെന്നും എന്നാൽ നാവിഗേഷൻ ചാർട്ടുകളിലും ഡാറ്റാബേസുകളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും എഫ്.എ.എ അറിയിച്ചു. വിമാനത്താവളത്തിൻ്റെ ഔദ്യോഗിക കോഡ് നിലവിലുള്ള ‘PBI’ എന്നതിൽ നിന്നും അദ്ദേഹത്തിന്റെ പേരിൻ്റെ ചുരുക്കരൂപമായ ‘DJT’ എന്നതിലേക്ക് മാറ്റുന്നതിനായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനോട് (FAA) ശുപാർശ ചെയ്തിട്ടുണ്ട്.
കെന്നഡി സെൻ്ററിനെ ട്രംപ്-കെന്നഡി സെന്റർ എന്ന് പുനർനാമകരണം ചെയ്തതുൾപ്പെടെ, തൻ്റെ പേരിൽ കെട്ടിടങ്ങളും പൊതുസ്ഥാപനങ്ങളും നാമകരണം ചെയ്യാനുള്ള ട്രംപിൻ്റെ താൽപ്പര്യത്തിൻ്റെ ഭാഗമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. വാഷിംഗ്ടണിലെ ഡള്ളസ് എയർപോർട്ട്, ന്യൂയോർക്കിലെ പെൻ സ്റ്റേഷൻ എന്നിവയ്ക്കും തൻ്റെ പേര് നൽകണമെന്ന് ട്രംപ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിനെ ഡോണൾഡ് ജെ. ട്രംപ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് എന്ന് പുനർനാമകരണം ചെയ്യുക എന്ന ആശയവും ട്രംപ് മുന്നോട്ടുവച്ചിട്ടുണ്ട്.
തീരുമാനത്തെ സ്വാഗതം ചെയ്ത ട്രംപിൻ്റെ മകൻ എറിക് ട്രംപ്, ഇതിനായി പ്രയത്നിച്ച ഗവർണർ ഡിസാൻ്റിസിനും മറ്റുള്ളവർക്കും നന്ദി അറിയിച്ചു. വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലറും നീക്കത്തെ പ്രശംസിച്ചു.
ഇതോടെ അമേരിക്കയിൽ ഒരു പ്രസിഡൻ്റിൻ്റെ പേരിൽ അറിയപ്പെടുന്ന ഒമ്പതാമത്തെ വിമാനത്താവളമായി ഇത് മാറും. ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം (JFK) – ന്യൂയോർക്ക്, റോണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ട് (DCA) – വാഷിംഗ്ടൺ ഡി.സി, ജോർജ്ജ് ബുഷ് ഇന്റർകോണ്ടിനെന്റൽ എയർപോർട്ട് (IAH) – ഹൂസ്റ്റൺ (ടെക്സസ്), ബിൽ ആൻഡ് ഹിലരി ക്ലിന്റൺ നാഷണൽ എയർപോർട്ട് (LIT) – ലിറ്റിൽ റോക്ക് (അർക്കൻസാസ്), ജെറാൾഡ് ആർ. ഫോർഡ് അന്താരാഷ്ട്ര വിമാനത്താവളം (GRR) – ഗ്രാൻഡ് റാപ്പിഡ്സ് (മിഷിഗൺ), എബ്രഹാം ലിങ്കൺ ക്യാപിറ്റൽ എയർപോർട്ട് (SPI) – സ്പ്രിംഗ്ഫീൽഡ്( ഇല്ലിനോയി), വിചിറ്റ ഡ്വൈറ്റ് ഡി. ഐസൻഹോവർ അന്താരാഷ്ട്ര വിമാനത്താവളം (ICT) – വിചിറ്റ( കാൻസസ്),
ഡിക്കിൻസൺ തിയോഡോർ റൂസ്‌വെൽറ്റ് റീജിയണൽ എയർപോർട്ട് (DIK) – ഡിക്കിൻസൺ( നോർത്ത് ഡക്കോട്ട) എന്നിവയാണത്.
ഇതുകൂടാതെ ജിമ്മി കാർട്ടർ (ജോർജിയ), ഹാരി എസ്. ട്രൂമാൻ തുടങ്ങിയവരുടെ പേരിൽ ചെറിയ വിമാനത്താവളങ്ങളും അമേരിക്കയിലുണ്ട്. ഈ പട്ടികയിലേക്ക് ഒമ്പതാമനായി ഡോണൾഡ് ട്രംപും ഉടൻ ചേരും.
Florida Gov. DeSantis signs bill to rename Palm Beach airport after Donald Trump











