കേരള വികസനത്തില്‍ ഫോമായുടെ പങ്കാളിത്തം അത്ഭുതകരം: കേരളാ കണ്‍വന്‍ഷനില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

എ.എസ് ശ്രീകുമാര്‍

കോട്ടയം: അമേരിക്കന്‍ മലയാളികള്‍ കേരളത്തിലേയ്ക്ക് അയയ്ക്കുന്ന പണം ഈ നാടിന്റെ സമസ്ത മേഖലയിലും ഉണ്ടാക്കിയ മാറ്റം അത്ഭുതകരമാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രസ്താവിച്ചു. ഫോമായുടെ 9-ാം കേരളാ കണ്‍വന്‍ഷന്റെ കോട്ടയത്തെ സമാപന സമ്മേളനം വിന്‍ഡ്‌സര്‍ കാസില്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ അനുഭവ പരിജ്ഞാനവും സ്നേഹസംഭാവനകളും രാജ്യത്തിന്റെ സമഗ്ര വികസനത്തിനായി നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സമ്മേളനത്തിന് എത്തിയ വിശിഷ്ടാതിഥികളെ ചെണ്ടമേളം മാര്‍ഗം കളി എന്നിവ അണിനിരന്ന ഘോഷയാത്രയുടെ അകമ്പടിയോടെയാണ് വേദിയിലേക്ക് ആനയിച്ചത്.  

അമേരിക്കയില്‍ ആറുതവണ എത്തിയിട്ടുള്ള തനിക്ക് ആ രാജ്യത്തെ മലയാളികളുമായി ഹൃദയബന്ധമുണ്ടെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. കണ്‍വന്‍ഷനില്‍ മുഖ്യ പ3ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏകദേശം 3500 പാട്ടുകള്‍ എഴുതിയ തനിക്ക് മതമില്ലെന്നും ക്രൈസ്തവ പാട്ടെഴുതുമ്പോള്‍ ക്രിസ്ത്യാനിയും ഹൈന്ദവ പാട്ടെഴുതുമ്പോള്‍ ഹിന്ദുവും ഇസ്ലാം ഗാനമെഴുതുമ്പോള്‍ മുസ്ലീമുമാണ് താനെന്നും ഈ വേദിയില്‍ ഏവരെയും അഭിുഖീകരിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളാ കണ്‍വന്‍ഷനെത്തിയ ഏവരെയും ഹൃദയപൂര്‍വം ആദരിക്കുന്നുവെന്ന് പുതുവല്‍സരാശംസകള്‍ നേര്‍ന്നുകൊണ്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു. കര്‍മഭൂമിയില്‍ കഠിനാധ്വാനത്തിലൂടെ നേടിയ ജീവിത വിജയം ജന്‍മനാടുമായി പങ്കുവയ്ക്കാന്‍ കാട്ടുന്ന മനോഭാവമാണ് ഫോമായുടെ ശക്തിയെന്ന് ആന്റോ ആന്റണി എം.പി അഭിപ്രായപ്പെട്ടു. അംഗബലത്തിലും കര്‍മ ശേഷിയിലും പൈതൃകത്തിന്റെ കാര്യത്തിലും അമേരിക്കന്‍ മലയാളികളുടെ ഏറ്റവും കരുത്തുറ്റ സംഘടനയായ ഫോമായുടെ ജനപക്ഷ പ്രവര്‍ത്തനങ്ങള്‍ അനുകരണീയവും മാതൃകാപരവുമാണെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പി, കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര എന്നിവരെ പൊന്നാടയും മെമന്റോയും നല്‍കി ആദരിച്ചു. അമേരിക്കയില്‍ ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച എയ്റോ കണ്‍ട്രോള്‍സിന്റെ സി.ഇ.ഒ ജോണ്‍ ടൈറ്റസ്, എറിക് ഷൂ കമ്പനിയുടെ സാരഥി വര്‍ക്കി എബ്രഹാം, സ്‌പോണ്‍സര്‍മാരായ ബിജു ലോസണ്‍, ലക്ഷ്മി സില്‍ക്സ്, അച്ചായന്‍സ് ഗോള്‍ഡ് പ്രതിനിധികള്‍ എന്നിവരും ആദരിക്കപ്പെട്ടു.ഫോമായുടെ കീഴിലുള്ള ലാംഗ്വേജ് & എഡ്യൂക്കേഷന്‍ ഫോറത്തിന്റെ മലയാള ഭാഷാ പരിപോഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ഹ്യൂസ്റ്റണ്‍ ജനറല്‍സ് കണ്‍വന്‍ഷന്‍ വേദിയിലെത്തി.

മലയാള ഭാഷാ പഠനത്തിനും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന കേരളത്തിലെ മികച്ച രണ്ട് സ്‌കൂളുകള്‍ക്കുള്ള സഹായധനം നല്‍കി. ധനസഹായം സ്‌പോണ്‍സര്‍ ചെയ്തത്  അമേരിക്കയിലെ നാഷണല്‍ ക്രിക്കറ്റ് ലീഗിലെ പ്രധാന ടീമുകളിലൊന്നായ ഹ്യൂസ്റ്റണ്‍ ജനറല്‍സാണെന്ന് ലാംഗ്വേജ് & എഡ്യൂക്കേഷന്‍ ഫോറത്തിന്റെ ചെയര്‍ സാമുവല്‍ മത്തായി പറഞ്ഞു.ജോഫിന്‍ സെബാസ്റ്റ്യന്‍, പ്രവീണ്‍ വര്‍ഗീസ് എന്നിവരാണ് ഹൂസ്റ്റണ്‍ ജനറല്‍സിന് നേതൃത്വം നല്‍കുന്നത്.

ഡോ. കെ.എം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ പ്രിവിലേജ് കാര്‍ഡ് ഫോമാ വിമന്‍സ് ഫോറം മുന്‍ ചെയര്‍ പേഴ്സണ്‍ ഡോ. സാറാ ഈശോ പ്രസിഡന്റ് ബേബി മണക്കുന്നേലിന് കൈമാറി. ഫോമായുടെ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. മുന്‍ പ്രസിഡന്റുമാരായ ബേബി ഊരാളില്‍ ഡോ.ജേക്കബ് തോമസ്, അനിയന്‍ ജോര്‍ജ്, ഐ.പി.സി.എന്‍.എ പ്രസിഡന്റ് രാജു പള്ളത്ത്, സാജ് ഗ്രൂപ്പിന്റെ എം.ഡി സാജന്‍ വര്‍ഗീസ് ജീവകാരുണ്യ പ്രവര്‍ത്തകനും ഓര്‍മ വില്ലേജിന്റെ സാരഥിയുമായ ജോസ് പുന്നൂസ്, മാത്യു വര്‍ഗീസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ഫോമായുടെ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ് സ്വാഗതമാശംസിച്ചു. 2.5 മില്യണ്‍ ഡോളറിന്റെ കരുത്തുമായാണ് ഫോമായുടെ ഈ ഭരണസമിതി പ്രവര്‍ത്തനമാരംഭിച്ചതെന്ന് ട്രഷറര്‍ സിജില്‍ പാലയ്ക്കലോടി വ്യക്തമാക്കി. വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവരും സംസാരിച്ചു. ജോയിന്റ് സെക്രട്ടറി പോള്‍ ജോസ് കൃതജ്ഞത പ്രകാശിപ്പിച്ചു. സമ്മേളനത്തിന് ശേഷം ഫാഷന്‍ ഷോ, കോമഡി ഷോ, സംഗീത പരിപാടി എന്നിവ അരങ്ങേറി.

പീറ്റർ കുളങ്ങരയെ ആദരിച്ചു

കോട്ടയം: ഫോമാ കേരള കൺവൻഷൻ വിജയിപ്പിക്കുന്നതിൽ സ്തുത്യര്ഹമായ പങ്കുവഹിച്ച കൺവൻഷൻ ചെയർ പീറ്റർ കുളങ്ങരയെ സമാപന സമ്മേളനത്തിൽ ആദരിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ അദ്ദേഹത്തെ പൊന്നാട അണിയിക്കുകയും മെമന്റോ നൽകുകയും ചെയ്തു.
ജീവകാരുണ്യ രംഗത്ത് വലിയ സംഭാവനകൾ നൽകുന്ന പീറ്റർ കുളങ്ങര ആണ് കൺവൻഷനിൽ നടന്ന ഫോമാ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

Fomaa kerala convention continues

More Stories from this section

family-dental
witywide