
വാഷിംഗ്ടൺ: 2021 ജനുവരി 6-ലെ ക്യാപിറ്റോൾ ആക്രമണത്തിന് ഉത്തരവാദി ഡോണാൾഡ് ട്രംപാണെന്ന് ശക്തമായി വാദിച്ച് മുൻ സ്പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്ത്. വ്യാഴാഴ്ച യുഎസ് ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് നൽകിയ പരസ്യമായ സാക്ഷിമൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജനുവരി 6-ന് നടന്ന അക്രമ സംഭവങ്ങൾക്ക് ഏറ്റവും വലിയ ഉത്തരവാദിയും കുറ്റക്കാരനും ട്രംപാണെന്ന് തൻ്റെ അന്വേഷണത്തിൽ തെളിഞ്ഞതായും സ്മിത്ത് പറഞ്ഞു. ട്രംപ് ഇല്ലായിരുന്നെങ്കിൽ കാപ്പിറ്റോളിൽ ഇത്തരമൊരു അക്രമം നടക്കില്ലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ട്രംപ് അക്രമത്തിന് കാരണക്കാരനായെന്ന് മാത്രമല്ല, അത് മുൻകൂട്ടി കാണുകയും തന്റെ രാഷ്ട്രീയ നേട്ടത്തിനായി ആ സാഹചര്യം മുതലെടുക്കുകയും ചെയ്തുവെന്നും സ്മിത്ത് മൊഴി നൽകി. 2020-ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള വിപുലമായ ഒരു ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ജനുവരി 6-ലെ സംഭവങ്ങളെന്നും, ട്രംപിനെതിരായി തൻ്റെ പക്കൽ വ്യക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. ട്രംപിൻ്റെ രണ്ടാം ഭരണകാലത്ത് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടികളുണ്ടാകുമെന്ന ഭീഷണികൾക്കിടയിലാണ് ജാക്ക് സ്മിത്ത് ഈ കാര്യങ്ങൾ പരസ്യമായി സഭയെ അറിയിച്ചത്.
നെതിരെ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും, അദ്ദേഹം വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ നിലവിലെ ചട്ടങ്ങൾ അനുസരിച്ച് ആ കേസുകൾ ഉപേക്ഷിക്കേണ്ടി വന്നതായി സ്മിത്ത് വിശദീകരിച്ചു. നിയമത്തിന് മുന്നിൽ ആരും അതീതരല്ലെന്നും, അധികാരമുള്ളവർ നിയമം ലംഘിക്കുമ്പോൾ അവരെ ഉത്തരവാദികളാക്കിയില്ലെങ്കിൽ അത് ജനാധിപത്യത്തിന് അപകടമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ ഹിയറിംഗ് അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്നു.
അതേസമയം, സ്മിത്തിന്റെ മൊഴിയെ തള്ളിക്കളഞ്ഞ ട്രംപ്, സ്മിത്ത് കള്ളസാക്ഷ്യം പറയുകയാണെന്നും അദ്ദേഹത്തെ വിചാരണ ചെയ്യണമെന്നും സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു. ട്രംപ് അനുകൂലികളായ റിപ്പബ്ലിക്കൻ അംഗങ്ങൾ സ്മിത്തിനെ രാഷ്ട്രീയ പക്ഷപാതിത്വം ആരോപിച്ച് രൂക്ഷമായി വിമർശിച്ചു.
ക്യാപിറ്റോൾ കലാപം
2021 ജനുവരി 6-ന് വൈറ്റ് ഹൗസിന് സമീപം നടന്ന ഒരു റാലിയിൽ ഡോണാൾഡ് ട്രംപ് തന്റെ അനുയായികളോട് സംസാരിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടുവെന്നും ജയിക്കാൻ കഠിനമായി പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇതിനുപിന്നാലെ ആയിരക്കണക്കിന് ആളുകൾ ക്യാപിറ്റോൾ മന്ദിരത്തിലേക്ക് മാർച്ച് ചെയ്തു. ബാരിക്കേഡുകൾ തകർത്ത് മന്ദിരത്തിനുള്ളിൽ കടന്ന അക്രമികൾ നാശനഷ്ടങ്ങൾ വരുത്തുകയും ഓഫീസുകൾ കൊള്ളയടിക്കുകയും ചെയ്തു. ഇലക്ടറൽ കോളേജ് വോട്ടുകൾ എണ്ണുന്നതിനായി സമ്മേളിച്ചിരുന്ന കോൺഗ്രസ് അംഗങ്ങൾക്കും അന്നത്തെ വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസിനും മന്ദിരത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു. ഈ സംഭവത്തിൽ മൊത്തം എട്ടുപേർ മരിക്കുകയും 174 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ ക്യാപിറ്റോൾ പൊലീസ് ഓഫീസറായ ബ്രയാൻ സിക്നിക്കും ഉൾപ്പെടുന്നു.
കലാപവുമായി ബന്ധപ്പെട്ട് 1,500-ലധികം ആളുകൾക്കെതിരെ കേസെടുക്കുകയും നിരവധി പേർക്ക് തടവുശിക്ഷ ലഭിക്കുകയും ചെയ്തു. എന്നാൽ, 2025 ജനുവരിയിൽ അധികാരമേറ്റ ശേഷം, ജനുവരി 6 കേസുകളിൽ ശിക്ഷിക്കപ്പെട്ട പലർക്കും പ്രസിഡൻ്റ് ട്രംപ് മാപ്പ് നൽകി.
Former Special Counsel Jack Smith: ‘Trump is responsible for the January 6 Capitol riot’















