ഇറാൻ യുദ്ധത്തിൽ ഫ്രാൻസിൻ്റെ നിർണായക നിലപാട്; വ്യോമതാവളം ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി, പക്ഷേ വ്യവസ്ഥകൾ പാലിക്കണം

പാരിസ്: ഇറാൻ്റെ പക്കൽ നിന്നുള്ള സുരക്ഷാ ഭീഷണികൾ നേരിടുന്നതിനായി തങ്ങളുടെ വ്യോമതാവളം ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി നൽകി ഫ്രാൻസ്. ദക്ഷിണ ഫ്രാൻസിലെ മാഴ്സെയിലുള്ള ഇസ്‌ത്രെസ് വ്യോമതാവളം ഉപയോഗിക്കാനാണ് ഫ്രഞ്ച് സായുധ സേന അനുമതി നൽകിയത്. എന്നാൽ, ഇറാനിലെ നേരിട്ടുള്ള സൈനിക നീക്കങ്ങളിൽ ഈ വിമാനങ്ങൾ യാതൊരു കാരണവശാലും പങ്കെടുക്കില്ലെന്ന ‘പൂർണ്ണ ഉറപ്പിൻ്റെ’ അടിസ്ഥാനത്തിലാണ് ഈ അനുമതിയെന്ന് ഫ്രഞ്ച് വക്താവ് വ്യക്തമാക്കി. പ്രാദേശിക സഖ്യകക്ഷികളുടെ പ്രതിരോധ ആവശ്യങ്ങൾക്കായി മാത്രമേ ഈ വിമാനങ്ങൾ ഉപയോഗിക്കാവൂ എന്നതാണ് പ്രധാന നിബന്ധന.

നാറ്റോ ചട്ടക്കൂടിനുള്ളിലെ ഒരു സാധാരണ നടപടിക്രമം മാത്രമാണിതെന്നാണ് ഫ്രാൻസിൻ്റെ ഔദ്യോഗിക വിശദീകരണം. അതേസമയം, പശ്ചിമേഷ്യൻ മേഖലയിലുള്ള തങ്ങളുടെ താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയെ ഫ്രാൻസ് അനുവദിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ, ഇറ്റലിയും ഗ്രീസുമായി ചേർന്ന് സൈപ്രസിൻ്റെ പ്രതിരോധം ശക്തമാക്കാനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പദ്ധതിയിടുന്നുണ്ട്. മേഖലയിലെ സമാധാനത്തിന് സഖ്യകക്ഷികളുടെ ഏകോപനം അനിവാര്യമാണെന്നാണ് ഫ്രാൻസിൻ്റെ നിലപാട്.

അമേരിക്കയുടെ ഇറാൻ ആക്രമണത്തെക്കുറിച്ച് സമ്മിശ്ര നിലപാടാണ് ഫ്രാൻസ് സ്വീകരിക്കുന്നത്. യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് മാക്രോൺ വിമർശിക്കുമ്പോഴും, യുദ്ധം വഷളാക്കിയതിൽ ഇറാനെ അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്. ഇതിനിടെ, ബാൾട്ടിക് കടലിലെ സൈനിക വിന്യാസം പാതിവഴിയിൽ ഉപേക്ഷിച്ച് തങ്ങളുടെ വിമാനവാഹിനിക്കപ്പലിനെ ഫ്രാൻസ് മടക്കിവിളിച്ചു. ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷയ്ക്കായി ഇറാൻ്റെ ഡ്രോണുകൾ വെടിവെച്ചിടുന്നതിൽ ഇതിനോടകം തന്നെ ഫ്രഞ്ച് വിമാനങ്ങൾ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide