
ദാവോസ്: ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കയുമായുള്ള തർക്കം മുറുകുന്നതിനിടെ, നാറ്റോ സൈനികാഭ്യാസം നടത്തണമെന്ന് ഫ്രാൻസ് ഔദ്യോഗികമായി ആവശ്യപ്പെട്ടു. ഇതിൽ സജീവമായി പങ്കുചേരാൻ തങ്ങൾ തയ്യാറാണെന്നും ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ കൊട്ടാരമായ എലീസി പാലസ് ബുധനാഴ്ച സ്ഥിരീകരിച്ചു. ഗ്രീൻലാൻഡിനെ ബലംപ്രയോഗിച്ച് പിടിച്ചെടുക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നാറ്റോയുടെ സൈനികാഭ്യാസം വേണമെന്ന ആവശ്യം ഫ്രാൻസ് ഉയർത്തിയിരിക്കുന്നത്.
യൂറോപ്പിന്റെ ദശകങ്ങൾ പഴക്കമുള്ള സുരക്ഷാ സഖ്യത്തെ പ്രതിസന്ധിയിലാക്കുന്നതാണ് ട്രംപിന്റെ പ്രസ്താവനകളെന്ന് ഫ്രാൻസ് വിലയിരുത്തുന്നു. ഡെന്മാർക്കിന്റെ നേതൃത്വത്തിൽ ഗ്രീൻലാൻഡിൽ നടക്കുന്ന സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുക്കാൻ ഫ്രാൻസും മറ്റ് യൂറോപ്യൻ രാജ്യങ്ങളും കഴിഞ്ഞ ഒരാഴ്ചയായി തങ്ങളുടെ സൈനികരെ അവിടെ വിന്യസിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നാറ്റോയുടെ നേരിട്ടുള്ള ഇടപെടൽ ഫ്രാൻസ് ആവശ്യപ്പെടുന്നത്.
നാറ്റോ കമാൻഡർമാർ ആസൂത്രണം ചെയ്യുന്ന ഇത്തരം അഭ്യാസങ്ങൾ കേവലം ഉദ്യോഗസ്ഥരുടെ യോഗങ്ങൾ മുതൽ വിമാനങ്ങൾ, പടക്കപ്പലുകൾ, ടാങ്കുകൾ, ആയിരക്കണക്കിന് സൈനികർ എന്നിവർ പങ്കെടുക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾ വരെയാകാം. സഖ്യകക്ഷികൾ ഇതിനായി സൈനികരെയും ആയുധങ്ങളും വിട്ടുനൽകണം.
നാറ്റോയുടെ ചട്ടപ്രകാരം, സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്ന ഓരോ രാജ്യവുമാണ് തങ്ങളുടെ സൈനികർക്കും ഉപകരണങ്ങൾക്കുമായി വരുന്ന ചിലവുകൾ വഹിക്കേണ്ടത്. ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കയും മറ്റ് നാറ്റോ സഖ്യകക്ഷികളും തമ്മിലുള്ള ഭിന്നത ഈ നീക്കത്തോടെ കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. ഫ്രാൻസിന്റെ ഈ ആവശ്യത്തോട് നാറ്റോ നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.















