
ദാവോസ്: ലോക സാമ്പത്തിക ഫോറത്തിന്‍റെ വാർഷിക യോഗത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ വിദേശനയങ്ങളെയും വ്യാപാര നിലപാടുകളെയും രൂക്ഷമായി വിമർശിച്ച് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. ലോകം നിയമങ്ങളില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും കരുത്തന്‍റെ നീതി നടപ്പിലാക്കുന്ന സാഹചര്യം അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര നിയമങ്ങൾ കാൽക്കീഴിലാക്കി ചവിട്ടിമെതിക്കപ്പെടുന്ന ഒരു ലോകക്രമത്തിലേക്കാണ് നാം നീങ്ങുന്നതെന്ന് മാക്രോൺ പറഞ്ഞു. കൂട്ടായ ഭരണക്രമം ഇല്ലാതാകുന്നതോടെ സഹകരണം ഇല്ലാതാവുകയും പകരം കരുണയില്ലാത്ത മത്സരത്തിന് വഴിമാറുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂറോപ്പിനെ കീഴ്പ്പെടുത്താനും ദുർബലപ്പെടുത്താനും ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ വ്യാപാര ആവശ്യങ്ങളെ മാക്രോൺ രൂക്ഷമായി വിമർശിച്ചു. രാജ്യങ്ങളുടെ പരമാധികാരത്തിന് മേൽ സമ്മർദ്ദം ചെലുത്താനായി പുതിയ നികുതികൾ ഏർപ്പെടുത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രംപിനെയും റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനെയും ലക്ഷ്യം വെച്ചുകൊണ്ട്, ലോകത്ത് വീണ്ടും സാമ്രാജ്യത്വ മോഹങ്ങൾ തലപൊക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഭീഷണികൾ നേരിടാൻ യൂറോപ്പ് സജ്ജമാണെന്ന് മാക്രോൺ പ്രഖ്യാപിച്ചു. നിയമങ്ങൾ ലംഘിക്കുന്ന ശത്രുതാപരമായ വ്യാപാര പങ്കാളികൾക്കെതിരെ യൂറോപ്പിന്റെ ‘ആന്‍റി കോയേഴ്ഷൻ മെക്കാനിസം’ അഥവാ ‘ട്രേഡ് ബസൂക്ക’ പ്രയോഗിക്കാൻ മടിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വിദേശ രാജ്യങ്ങളിലെ ബോണ്ടുകളിലുള്ള നിക്ഷേപം കുറയ്ക്കാൻ യൂറോപ്പ് തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നിലവിൽ അമേരിക്കൻ കടപ്പത്രങ്ങളുടെ പ്രധാന വാങ്ങലുകാരാണ് യൂറോപ്യൻ രാജ്യങ്ങൾ എന്നത് കണക്കിലെടുക്കുമ്പോൾ, വൈറ്റ് ഹൗസിനെതിരെ പ്രയോഗിക്കാവുന്ന വലിയൊരു സാമ്പത്തിക ആയുധമാണിതെന്ന് അദ്ദേഹം സൂചിപ്പിച്ചു.















