ഇലോൺ മസ്കിന്റെ പാരീസ് ഓഫീസ് റെയ്ഡ് ചെയ്തു; ചോദ്യം ചെയ്യലിന് ഹാജരാകാൻ മസ്കിന് ഫ്രഞ്ച് പോലീസിന്‍റെ സമൻസ്

പാരീസ്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ചാറ്റ്‌ബോട്ടായ ‘ഗ്രോക്കിന്റെ’ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇലോൺ മസ്കിന്റെ പാരീസിലെ എക്സ് ഓഫീസ് ഫ്രഞ്ച് പോലീസ് റെയ്ഡ് ചെയ്തു. ചൊവ്വാഴ്ച നടന്ന ഈ പരിശോധനയിൽ യൂറോപോളിന്റെ സഹായത്തോടെ സൈബർ ക്രൈം വിഭാഗമാണ് റെയ്ഡ് നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ഇലോൺ മസ്കിനോടും മുൻ സി.ഇ.ഒ ലിൻഡ യാക്കറിനോയോടും ഏപ്രിലിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പാരീസ് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്ലാറ്റ്‌ഫോമിലെ അൽഗോരിതം ദുരുപയോഗം ചെയ്തു എന്ന പരാതിയിൽ 2025 ജനുവരിയിൽ തുടങ്ങിയ അന്വേഷണം ഇപ്പോൾ വൻ വിവാദങ്ങളിലേക്കാണ് നീങ്ങുന്നത്. ഗ്രോക്ക് വഴി നിർമ്മിക്കപ്പെടുന്ന അശ്ലീലമായ ഡീപ്‌ഫേക്ക് ചിത്രങ്ങൾ, കുട്ടികൾ ഉൾപ്പെട്ട അശ്ലീല ദൃശ്യങ്ങളുടെ വ്യാപനം, ജൂത വംശഹത്യയെ നിഷേധിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ എന്നിവയുൾപ്പെടെ ഗൗരവകരമായ കുറ്റങ്ങളാണ് എക്സിനെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ ഗ്രോക്ക് ചാറ്റ്‌ബോട്ടിലൂടെ ലക്ഷക്കണക്കിന് വ്യാജ ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഈ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നുമാണ് എക്സ് ഇതിനോടകം പ്രതികരിച്ചിരിക്കുന്നത്. എന്നാൽ, രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഫ്രഞ്ച് അധികൃതർ. കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടാൽ ഇലോൺ മസ്കിനും കമ്പനിക്കും കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് സൂചന.

More Stories from this section

family-dental
witywide