ചുഴലിക്കാറ്റുമുതൽ മുതൽ മഞ്ഞുവീഴ്ച വരെ; യുഎസിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത പ്രകൃതിക്ഷോഭം, നാലായിരത്തിലേറെ വിമാനങ്ങൾ റദ്ദാക്കി

വാഷിംഗ്ടൺ: അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിക്കുന്ന കനത്ത പ്രകൃതിക്ഷോഭത്തിൽ ജനജീവിതം സ്തംഭിച്ചു. അമേരിക്കയുടെ കിഴക്കൻ മേഖലകളിൽ ചുഴലിക്കാറ്റും ഇടിമിന്നലോടു കൂടിയ മഴയും കനത്ത മഞ്ഞുവീഴ്ചയും നാശം വിതയ്ക്കുകയാണ്. ഫ്ലോറിഡ മുതൽ ന്യൂജേഴ്‌സി വരെ ഏകദേശം 3.4 കോടിയിലധികം ആളുകൾ ചുഴലിക്കാറ്റ് മുന്നറിയിപ്പിന് കീഴിലാണ്.

ഈ വാരാന്ത്യത്തിൽ തുടങ്ങിയ ചുഴലിക്കാറ്റിനെത്തുടർന്ന് മിനസോട്ട, വിസ്കോൺസിൻ, വടക്കൻ മിഷിഗൺ എന്നിവിടങ്ങളിൽ ഏകദേശം 3 അടിയോളം (0.9 മീറ്റർ) മഞ്ഞുവീഴ്ച രേഖപ്പെടുത്തിയതായി നാഷണൽ വെതർ സർവീസ് (NWS) അറിയിച്ചു. ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റ് കിഴക്കൻ തീരത്തുനിന്ന് അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുപിന്നാലെ അതിശൈത്യം അനുഭവപ്പെടാനും സാധ്യതയുണ്ട്.

തിങ്കളാഴ്ച വൈകുന്നേരത്തോടെ 4,400 വിമാന സർവീസുകൾ റദ്ദാക്കുകയും പതിനായിരത്തോളം വിമാനങ്ങൾ വൈകുകയും ചെയ്തു. ഷിക്കാഗോയിലെ ഒഹെയർ അന്താരാഷ്ട്ര വിമാനത്താവളം, ന്യൂയോർക്കിലെ ലാഗ്വാർഡിയ എന്നിവിടങ്ങളിലാണ് യാത്രക്കാർ കൂടുതൽ ദുരിതത്തിലായത്.

മോശം കാലാവസ്ഥയെ തുടർന്ന് 3.6 ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മിഷിഗൺ, ഫ്ലോറിഡ, നോർത്ത് കരോലിന എന്നിവിടങ്ങളെയാണ് ഇത് സാരമായി ബാധിച്ചത്.

മിനസോട്ടയിൽ 25 ഇഞ്ചിലധികം മഞ്ഞുവീഴ്ചയുണ്ടായി. കാഴ്ചപരിധി പൂജ്യമാകുന്ന ‘വൈറ്റ് ഔട്ട്’ (Whiteout) സാഹചര്യങ്ങൾ യാത്ര അപകടത്തിലാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മിനസോട്ട ഗവർണർ ടിം വാൾസ് അടിയന്തര പ്രവർത്തനങ്ങൾക്കായി നാഷണൽ ഗാർഡിനെ നിയോഗിച്ചു. നോർത്ത് കരോലിന, സൗത്ത് കരോലിന, വെസ്റ്റ് വെർജീനിയ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്. നോർത്ത് കരോലിനയിലും വിസ്കോൺസിനിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാഷിംഗ്ടൺ ഡിസിയിലെ വാഷിംഗ്ടൺ സ്മാരകം നേരത്തെ അടച്ചു.

അതേസമയം, യുഎസിൻ്റെ പടിഞ്ഞാറൻ തീരങ്ങളിൽ (സതേൺ കാലിഫോർണിയ, അരിസോണ, നെവാഡ) ഈ ആഴ്ച കടുത്ത ഉഷ്ണതരംഗം ഉണ്ടാകുമെന്ന പ്രവചനവുമുണ്ട്. അരിസോണയിൽ താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ഇത് കാട്ടുതീ പടരാനും കാരണമായേക്കാം. കഴിഞ്ഞ വാരാന്ത്യത്തിൽ നെബ്രാസ്കയിൽ കാട്ടുതീയെ തുടർന്ന് ഒരാൾ മരിക്കുകയും 1,000 ചതുരശ്ര മൈൽ പ്രദേശം നശിക്കുകയും ചെയ്തിരുന്നു.

ഹവായ് ദ്വീപുകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴ 1951-ന് ശേഷമുള്ള റെക്കോർഡുകൾ തകർത്തു. ഈ വർഷം യുഎസിനെ ബാധിച്ച ഏറ്റവും വലിയ കാലാവസ്ഥാ വ്യതിയാനങ്ങളിൽ ഒന്നാണിതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അതേസമയം, യുഎസിൽ മാത്രമല്ല, കാനഡയിലും സമാനമായ കാലാവസ്ഥയാണ്. ഒൻ്റാറിയോ, ക്യൂബെക്ക് എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും കാറ്റും തുടരുന്നു.

From hurricanes to snowstorms; Severe natural disasters in various parts of the US, more than 4,000 flights canceled

More Stories from this section

family-dental
witywide