
വാഷിംഗ്ടൺ: മിനിയാപൊളിസിൽ ഐസിഇ ഏജന്റ് ഒരു യുവതിയെ വെടിവെച്ചു കൊന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് യുഎസ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ ആവശ്യപ്പെട്ടു. വെടിവെപ്പിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും വസ്തുതകൾ പുറത്തുകൊണ്ടുവരാൻ നിയമപരമായ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ ദൃശ്യങ്ങളെക്കുറിച്ച് പലരും പല അഭിപ്രായങ്ങൾ പറയുന്നുണ്ടെങ്കിലും, നീതിന്യായ വ്യവസ്ഥയിലൂടെയുള്ള പൂർണ്ണമായ അന്വേഷണമാണ് നടക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വീഡിയോയിൽ കാണുന്ന കാര്യങ്ങൾ എത്രത്തോളം കൃത്യമാണെന്ന് അന്വേഷണത്തിലൂടെ തെളിയണം.
വെടിയുതിർത്ത ഏജന്റ് ആത്മരക്ഷാർത്ഥമാണ് പ്രവർത്തിച്ചതെന്ന വാദത്തെ ജോൺസൺ പിന്തുണച്ചു. സംഭവസമയത്ത് ഏജന്റ് കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്നും തന്റെയും സഹപ്രവർത്തകരുടെയും ജീവൻ അപകടത്തിലാണെന്ന് തോന്നിയ നിമിഷത്തിലാണ് അത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിന്റെ പേരിൽ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ ഫണ്ട് വെട്ടിക്കുറയ്ക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യത്തെ ജോൺസൺ ശക്തമായി എതിർത്തു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഐസിഇ പോലുള്ള ഏജൻസികൾ അത്യാവശ്യമാണെന്നും അവയുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിവെപ്പ് നടത്തിയ ഉദ്യോഗസ്ഥൻ മുമ്പ് ഒരു വാഹനത്തിന് പിന്നിൽ വലിച്ചിഴയ്ക്കപ്പെട്ട സംഭവമുണ്ടായിരുന്നുവെന്നും അത് അദ്ദേഹത്തിന്റെ അന്നത്തെ പെരുമാറ്റത്തെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും ജോൺസൺ സൂചിപ്പിച്ചു. 37-കാരിയായ റെനി ഗുഡ് എന്ന അമേരിക്കൻ പൗരയാണ് ഐസിഇ ഏജന്റിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അവർ ഒരു ‘ലീഗൽ ഒബ്സർവർ’ ആയിട്ടാണ് അവിടെ എത്തിയതെന്ന് പ്രാദേശിക അധികൃതർ പറയുമ്പോൾ, അവർ ഏജന്റുമാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ട്രംപ് ഭരണകൂടം ആരോപിക്കുന്നത്.















