ആക്ഷേപിച്ച ട്രംപിന് ക്ലൂണിയുടെ ചുട്ട മറുപടി; ഫ്രഞ്ച് പൗരത്വത്തെച്ചൊല്ലി വാക്പോര് മുറുകുന്നു, പ്രസിഡൻ്റിൻ്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പ്രചരണം കടമെടുത്ത് തിരിച്ചടി

വാഷിംഗ്ടൺ: ഹോളിവുഡ് സൂപ്പർതാരം ജോർജ് ക്ലൂണിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. ക്ലൂണിക്കും കുടുംബത്തിനും ഫ്രഞ്ച് പൗരത്വം ലഭിച്ചതിനെ പരിഹസിച്ച ട്രംപിന് ശക്തമായ ഭാഷയിലാണ് താരം മറുപടി നൽകിയത്. വർഷങ്ങളായി ദക്ഷിണ ഫ്രാൻസിൽ താമസിക്കുന്ന 64-കാരനായ ക്ലൂണിയും ഭാര്യ അമൽ ക്ലൂണിയും മക്കളും ഈ മാസമാദ്യമാണ് ഔദ്യോഗികമായി ഫ്രഞ്ച് പൗരത്വം സ്വീകരിച്ചത്. ഹോളിവുഡിലെ തിരക്കുകളിൽ നിന്നും മാധ്യമങ്ങളുടെ കടന്നുകയറ്റത്തിൽ നിന്നും മാറി മക്കൾക്ക് മികച്ച ജീവിതസാഹചര്യം ഒരുക്കാനാണ് താൻ ഫ്രാൻസ് തിരഞ്ഞെടുത്തതെന്ന് ക്ലൂണി വ്യക്തമാക്കിയിരുന്നു.

എന്നാൽ ക്ലൂണിയുടെ ഈ തീരുമാനത്തെ രാഷ്ട്രീയ ആയുധമാക്കാനാണ് ട്രംപ് ശ്രമിച്ചത്. ഡെമോക്രാറ്റിക് പാർട്ടിയുടെ ഉറച്ച അനുഭാവിയും തന്റെ കടുത്ത വിമർശകനുമായ ക്ലൂണിയെ പരിഹസിച്ചുകൊണ്ട് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടു. കുടിയേറ്റ പ്രശ്നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന ഫ്രാൻസിലേക്ക് ക്ലൂണിയെ സ്വാഗതം ചെയ്യുന്നുവെന്നും രാഷ്ട്രീയത്തിൽ ക്ലൂണി ഒരു പരാജയമാണെന്നുമാണ് ട്രംപ് കുറിച്ചത്. ക്ലൂണി ഒരു മികച്ച നടനല്ലെന്നും വെറും ശരാശരിക്കാരൻ മാത്രമാണെന്നും ട്രംപ് ആക്ഷേപിച്ചു. കുടിയേറ്റ വിരുദ്ധ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന ട്രംപ് ഭരണകൂടം ക്ലൂണിയുടെ ഫ്രാൻസിലേക്കുള്ള മാറ്റത്തെ അതീവ പരിഹാസത്തോടെയാണ് നോക്കിക്കാണുന്നത്.

ട്രംപിന്റെ പരിഹാസത്തിന് അദ്ദേഹത്തിന്റെ തന്നെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം കടമെടുത്താണ് ക്ലൂണി മറുപടി നൽകിയത്. അമേരിക്കയെ വീണ്ടും മഹത്തരമാക്കണമെന്ന ട്രംപിന്റെ വാക്കുകളോട് താൻ പൂർണ്ണമായും യോജിക്കുന്നുവെന്നും അതിന്റെ തുടക്കം വരാനിരിക്കുന്ന നവംബർ മാസത്തെ മിഡ് ടേം തിരഞ്ഞെടുപ്പിലൂടെ ആയിരിക്കുമെന്നും ക്ലൂണി തിരിച്ചടിച്ചു. ഹോളിവുഡും രാഷ്ട്രീയവും തമ്മിലുള്ള ഈ പോരാട്ടം അമേരിക്കൻ രാഷ്ട്രീയ പരിസരത്ത് വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിമാറുമെന്നുറപ്പാണ്.

More Stories from this section

family-dental
witywide