ഇറാൻ സംഘർഷത്തിനിടെ ട്രംപുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്ന ആദ്യ വിദേശ നേതാവാകാൻ ജർമ്മൻ ചാൻസലർ; ചർച്ച നിർണായകം

വാഷിം​ഗ്ടൺ: ഇറാനെതിരെ അമേരിക്ക സൈനിക നടപടി ആരംഭിച്ചതിന് ശേഷം പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്ന ആദ്യ വിദേശ നേതാവാകാൻ ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ്. മിഡിൽ ഈസ്റ്റിലെ സംഘർഷം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഓവൽ ഓഫീസിൽ വെച്ച് നടക്കുന്ന ഈ ചർച്ചയെ ആഗോള സമൂഹം വലിയ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്. മേഖലയിലെ യുദ്ധം പടരുന്നതിനിടയിൽ യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഈ സന്ദർശനം.

അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാനിൽ ബോംബാക്രമണം തുടരുന്ന സാഹചര്യത്തിൽ, അന്താരാഷ്ട്ര നിയമങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് യൂറോപ്യൻ യൂണിയൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ജർമ്മനിയും ഫ്രാൻസും യുണൈറ്റഡ് കിംഗ്ഡവും തങ്ങളുടെയും സഖ്യകക്ഷികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സംയുക്തമായി അറിയിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ ശക്തമായ പിന്തുണക്കാരനായ ചാൻസലർ മെർസ്, തങ്ങളുടെ പങ്കാളികളെയും സഖ്യകക്ഷികളെയും ഉപദേശിക്കേണ്ട സമയമല്ല ഇതെന്നാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

മേഖലയിലെ ഭാവി എന്താകുമെന്നോ യുദ്ധം എങ്ങോട്ട് നീങ്ങുമെന്നോ ആർക്കും പ്രവചിക്കാനാവില്ലെന്ന് ഒരു യൂറോപ്യൻ നയതന്ത്രജ്ഞൻ സിഎൻഎന്നിനോട് പറഞ്ഞു. എങ്കിലും യൂറോപ്പിനോട് ശത്രുത പുലർത്തുന്ന ഒരു ഭരണകൂടം തകരുന്നത് കാണാൻ യൂറോപ്പിന് താൽപ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ പരമാവധി സംഘർഷം വ്യാപിപ്പിക്കാൻ ശ്രമിക്കുമ്പോൾ, യുദ്ധം പരിമിതമായ മേഖലയിൽ ഒതുക്കി നിർത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ ചാൻസലർ മെർസും ട്രംപും തമ്മിലുള്ള ചർച്ചകൾ വരും ദിവസങ്ങളിലെ നയതന്ത്ര നീക്കങ്ങളിൽ നിർണ്ണായകമാകും.

More Stories from this section

family-dental
witywide