
ബെർലിൻ: ഇറാൻ-അമേരിക്ക യുദ്ധത്തെത്തുടർന്ന് കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കാൻ വിപ്ലവകരമായ നടപടികളുമായി ജർമ്മൻ പാർലമെന്റ്. പെട്രോൾ പമ്പുകൾക്ക് ദിവസത്തിൽ ഒരു തവണ മാത്രമേ വില വർദ്ധിപ്പിക്കാൻ അനുവാദമുള്ളൂ എന്നതടക്കമുള്ള നിർണ്ണായക നിർദ്ദേശങ്ങൾ അടങ്ങിയ പാക്കേജിന് ജർമ്മൻ പാർലമെന്റിന്റെ ലോവർ ഹൗസ് പ്രാഥമിക അംഗീകാരം നൽകി. ഭരണകക്ഷികളായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയനും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയും സംയുക്തമായാണ് ഈ പരിഷ്കാരം അവതരിപ്പിച്ചത്.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്തെ എല്ലാ പെട്രോൾ, ഡീസൽ പമ്പുകൾക്കും ഉച്ചയ്ക്ക് 12 മണിക്ക് മാത്രമേ ഇന്ധനവില വർദ്ധിപ്പിക്കാൻ സാധിക്കൂ. ഓസ്ട്രിയ 2011-ൽ നടപ്പിലാക്കിയ മാതൃക പിന്തുടർന്നാണ് ജർമ്മനിയുടെ ഈ നീക്കം. അതേസമയം, ഇറാൻ സംഘർഷം രൂക്ഷമായതോടെ ഓസ്ട്രിയ തങ്ങളുടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസം (തിങ്കൾ, ബുധൻ, വെള്ളി) മാത്രമാണ് ഇപ്പോൾ ഓസ്ട്രിയയിലെ പമ്പുകൾക്ക് വില വർദ്ധിപ്പിക്കാൻ അനുമതിയുള്ളത്.
ഇന്ധനവിലക്കയറ്റം മൂലം ജനങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക ഭാരം കുറയ്ക്കാൻ മറ്റ് യൂറോപ്യൻ രാജ്യങ്ങളും വലിയ തോതിലുള്ള ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് 500 കോടി യൂറോയുടെ എനർജി പാക്കേജാണ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചത്. ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാക്കിസ് ഇന്ധനത്തിനും വളത്തിനും സബ്‌സിഡി നൽകുന്നതിനൊപ്പം യാത്രാക്കപ്പലുകളുടെ ടിക്കറ്റ് നിരക്കിൽ ഇളവും പ്രഖ്യാപിച്ചു. ലോകമെമ്പാടും എണ്ണ വിതരണം തടസ്സപ്പെട്ട പശ്ചാത്തലത്തിൽ പൗരന്മാരെ സംരക്ഷിക്കാനുള്ള കഠിനശ്രമത്തിലാണ് യൂറോപ്യൻ ഭരണകൂടങ്ങൾ.














