
ലണ്ടൻ: നാലാം വാരത്തിലേക്ക് കടന്ന മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടിയായി ഇറാനും ഇസ്രായേലും തമ്മിൽ വീണ്ടും രൂക്ഷമായ ഏറ്റുമുട്ടൽ ആരംഭിച്ചതോടെ ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. സമാധാന ചർച്ചകളെക്കുറിച്ചുള്ള ശുഭപ്രതീക്ഷയിൽ തിങ്കളാഴ്ച എണ്ണവിലയിൽ നേരിയ കുറവുണ്ടായെങ്കിലും, രാത്രിയിലുണ്ടായ പുതിയ ആക്രമണങ്ങൾ വിപണിയെ വീണ്ടും ആശങ്കയിലാഴ്ത്തി. ഇതോടെ ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡിന്റെ വില 1.6 ശതമാനം വർധിച്ച് ബറലിന് 101.5 ഡോളറിലെത്തി. അമേരിക്കൻ സൂചികയായ ഡബ്ല്യു.ടി.ഐ വില 2.7 ശതമാനം ഉയർന്ന് 90.5 ഡോളറിലും എത്തിയിട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇറാനുമായി ഫലപ്രദമായ ചർച്ചകൾ നടന്നുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെത്തുടർന്ന് തിങ്കളാഴ്ച എണ്ണവില 114 ഡോളറിൽ നിന്നും 99.94 ഡോളറിലേക്ക് താഴ്ന്നിരുന്നു. എന്നാൽ വാഷിംഗ്ടണുമായി യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്ന് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കിയതോടെ വിപണിയിൽ അനിശ്ചിതത്വം ഉടലെടുത്തു. എങ്കിലും തുർക്കിയും ഈജിപ്തും ഉൾപ്പെടെയുള്ള രാജ്യങ്ങൾ മധ്യസ്ഥശ്രമങ്ങളുമായി രംഗത്തുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യുദ്ധം ഉടൻ അവസാനിക്കുമെന്ന പ്രതീക്ഷയും പുതിയ ആക്രമണ വാർത്തകളും ഓഹരി വിപണിയെയും ബാധിച്ചു. ഏഷ്യൻ വിപണികളായ ടോക്കിയോ, ഹോങ്കോംഗ്, സോൾ എന്നിവിടങ്ങളിൽ ഓഹരികൾ നേരിയ നേട്ടമുണ്ടാക്കിയെങ്കിലും യൂറോപ്പിലെ ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, പാരിസ് വിപണികൾ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. തിങ്കളാഴ്ച വിപണിയിലുണ്ടായ അമിതമായ ശുഭപ്രതീക്ഷ അധികനേരം നീണ്ടുനിന്നില്ലെന്ന് നിക്ഷേപക പ്ലാറ്റ്‌ഫോമായ സാക്സോയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു. യുദ്ധം നീണ്ടുപോകുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാകുമെന്ന ആശങ്കയിലാണ് നിക്ഷേപകർ.















