
ന്യൂയോർക്ക്: അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനുമായി നടത്തുന്ന യുദ്ധത്തിനെതിരെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഈ വാരാന്ത്യത്തിൽ വൻ പ്രതിഷേധങ്ങൾ അരങ്ങേറി. യുദ്ധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനങ്ങൾ നടക്കുന്നുണ്ടെങ്കിലും, സമാധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിനാണ് പലയിടങ്ങളിലും മുൻതൂക്കം ലഭിക്കുന്നത്. ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ ശനിയാഴ്ച രാത്രി നടന്ന കൂറ്റൻ റാലിയിൽ ആയിരക്കണക്കിന് ആളുകൾ അണിനിരന്നു. “വിദേശ ബോംബുകൾ ആരെയും സ്വതന്ത്രരാക്കില്ല”, “യുദ്ധയന്ത്രങ്ങൾക്ക് ഇനിയും ഇരകളെ നൽകരുത്” തുടങ്ങിയ പ്ലക്കാർഡുകൾ ഏന്തിയായിരുന്നു ഇസ്രായേൽ ജനത തെരുവിലിറങ്ങിയത്. നിലവിലെ ഭരണകൂടങ്ങൾ അവസാനിക്കാത്ത യുദ്ധത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ഫ്രാൻസ് തലസ്ഥാനമായ പാരീസിലും യുദ്ധത്തിനെതിരെ ശക്തമായ പ്രതിഷേധം നടന്നു. ഇറാനിയൻ പതാകകൾ ഏന്തി സമാധാനത്തിന്റെ ചിഹ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് നൂറുകണക്കിന് ആളുകൾ പാരീസ് തെരുവുകളിൽ ഒത്തുകൂടിയത്. ഇറാനെ ലക്ഷ്യമിട്ടുള്ള ബോംബാക്രമണം ഒന്നിനും പരിഹാരമല്ലെന്നും മാറ്റങ്ങൾ ഉണ്ടാകേണ്ടത് രാജ്യത്തിനകത്തുനിന്നാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ഒരു രാജ്യത്തെയും ബോംബുകൾ കൊണ്ടോ യുദ്ധം കൊണ്ടോ മാറ്റാൻ കഴിയില്ലെന്നും, ഇറാന്റെ വിമോചനം അവിടുത്തെ ജനങ്ങളിലൂടെയും പ്രതിരോധത്തിലൂടെയുമാണ് സാധ്യമാകേണ്ടതെന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ വ്യക്തമാക്കി.
ഗാസയ്ക്കും ലബനനും പിന്നാലെ ഇറാനിലേക്കും യുദ്ധം വ്യാപിക്കുന്നത് ആഗോളതലത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന ആവശ്യം ശക്തമാകുമ്പോഴും, ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുന്നത് പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് പ്രതിഷേധം പടരാനാണ് സാധ്യത.















