
കാലിഫോർണിയ: ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിന്നും കാലിഫോർണിയയിലെ തങ്ങളുടെ ആസ്തികളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതായി റിപ്പോർട്ട്. 100 കോടി ഡോളറിനുമുകളിൽ ആസ്തിയുള്ള വ്യക്തികൾക്ക് ഒറ്റത്തവണയായി അഞ്ചു ശതമാനം സ്വത്തുനികുതി കൊണ്ടുവരുന്നതിനാണ് കാലിഫോർണിയ സംസ്ഥാനം പരിഗണിക്കുന്നത്. ഇതു പ്രാബല്യത്തിലായാൽ ജനുവരി ഒന്നിന് കാലിഫോർണിയയിൽ താമസിക്കുന്ന എല്ലാവർക്കും ഇതു ബാധകമാകും. ഇതുമുൻനിർത്തിയാണ് ഇവർ ആസ്തികൾ ഡിസംബറിൽത്തന്നെ മാറ്റിയതെന്നാണ് റിപ്പോർട്ട്. പ്രധാനമായും സ്വത്ത് നികുതി (Property Tax), മറ്റ് വ്യക്തിഗത നികുതി ബാധ്യതകൾ എന്നിവ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലാറി പേജിന് 27,100 കോടി ഡോളറിന്റെ ആസ്തിയാണ് കണക്കാക്കുന്നത്. സെർജി ബ്രിന്നിന് 25,000 കോടി ഡോളറിന്റെയും. ശതകോടീശ്വരപട്ടികയിൽ ലോകത്തിൽ രണ്ടും അഞ്ചും സ്ഥാനങ്ങളിലാണ് ഇവരുള്ളത്.
കാലിഫോർണിയയിലെ ഉയർന്ന വരുമാന നികുതിയും സ്വത്ത് നികുതി നിയമങ്ങളും ഒഴിവാക്കാൻ പല ശതകോടീശ്വരന്മാരും തങ്ങളുടെ ആസ്തികൾ നികുതി കുറഞ്ഞ സംസ്ഥാനങ്ങളായ ടെക്സസ്, ഫ്ലോറിഡ എന്നിവിടങ്ങളിലേക്ക് മാറ്റാറുണ്ട്. ഇതിന്റെ ഭാഗമായാണ് ലാറി പേജും സെർജി ബ്രിന്നും തങ്ങളുടെ നിക്ഷേപങ്ങളിൽ പുനഃക്രമീകരണം നടത്തിയത്. സെർജി ബ്രിൻ കാലിഫോർണിയയിലെ തന്റെ ചില വലിയ റിയൽ എസ്റ്റേറ്റ് ആസ്തികൾ വിറ്റഴിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. തങ്ങളുടെ സമ്പത്ത് കൈകാര്യം ചെയ്യുന്ന ‘ഫാമിലി ഓഫീസുകൾ’ കാലിഫോർണിയയിൽ നിന്ന് സിംഗപ്പൂർ പോലുള്ള നികുതി ആനുകൂല്യമുള്ള രാജ്യങ്ങളിലേക്കോ മറ്റ് അമേരിക്കൻ സംസ്ഥാനങ്ങളിലേക്കോ മാറ്റാൻ ഇവർ താല്പര്യം കാണിക്കുന്നുണ്ട്.
ഗൂഗിളിന്റെ ആസ്ഥാനം കാലിഫോർണിയയിൽ തന്നെ തുടരുമ്പോഴും, വ്യക്തിഗത ആസ്തികൾ മാറ്റുന്നത് വഴി ദശലക്ഷക്കണക്കിന് ഡോളർ നികുതി ഇനത്തിൽ ലാഭിക്കാൻ ഇവർക്ക് സാധിക്കും. ഇലോൺ മസ്കിനെപ്പോലുള്ള പ്രമുഖർ നേരത്തെ തന്നെ കാലിഫോർണിയ വിട്ട് ടെക്സസിലേക്ക് മാറിയത് വലിയ വാർത്തയായിരുന്നു. സമാനമായ ഒരു പാതയാണ് ഗൂഗിൾ സഹസ്ഥാപകരും പിന്തുടരുന്നത്.
Google co-founders Larry Page and Sergey Brin want to reduce California’s tax burden; move assets to other states















