
വാഷിംഗ്ടൺ: ഇറാൻ ഉടമ്പടികൾക്ക് തയാറാകാത്ത പക്ഷം രാജ്യം കടുത്ത സൈനിക നടപടി നേരിടേണ്ടി വരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് ഗൗരവകരമാണെന്ന് സൗത്ത് കരോലിന സെനറ്റർ ലിൻഡ്സെ ഗ്രഹാം. ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതിനോ നയതന്ത്രപരമായ പരിഹാരത്തിനോ ഇറാൻ തയ്യാറായില്ലെങ്കിൽ അവരുടെ വൈദ്യുതി നിലയങ്ങൾക്ക് നേരെ ശക്തമായ ആക്രമണം അഴിച്ചുവിടാൻ പ്രസിഡന്റ് മടിക്കില്ലെന്ന് ഗ്രഹാം പറഞ്ഞു.
ഇറാൻ ഭരണകൂടം തങ്ങളുടെ സൈനിക ലക്ഷ്യങ്ങൾക്ക് തടസ്സം നിൽക്കുന്നത് തുടരുകയാണെങ്കിൽ അമേരിക്ക അതിശക്തമായ സൈനിക കരുത്ത് പ്രയോഗിക്കുമെന്ന് തനിക്ക് ഉറപ്പാണെന്ന് ഗ്രഹാം എക്സിലൂടെ പ്രതികരിച്ചു. ട്രംപ് പറയുന്നത് പ്രവർത്തിക്കുമെന്ന് ഇറാന് ഇതുവരെ മനസ്സിലായിട്ടില്ലെങ്കിൽ ഇനി എപ്പോഴാണ് അത് ബോധ്യപ്പെടുകയെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ ട്രംപ് നൽകിയിട്ടുള്ള അന്ത്യശാസനത്തെ താൻ പൂർണ്ണമായും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രിൽ 6-നകം കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ സ്രോതസ്സുകൾ തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. വെള്ളിയാഴ്ച രാവിലെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ ഇറാന് ഇനി വെറും 48 മണിക്കൂർ മാത്രമാണ് ബാക്കിയുള്ളതെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയുടെ സൈനിക നീക്കം ഇറാനെ സാമ്പത്തികമായും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും തളർത്തുന്ന രീതിയിലായിരിക്കുമെന്നാണ് സൂചന. മേഖലയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതിന്റെ ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.















