രാജ്യാന്തര നിയമങ്ങൾ ഒരു കളിയല്ല ട്രംപ്, ഓർമ്മിപ്പിച്ച് ഗ്രീൻലാൻഡ് പ്രധാനമന്ത്രി; സൈനിക നടപടി തള്ളിക്കളയാനാവില്ലെന്ന് മുന്നറിയിപ്പ്

നൂക്ക്: ഗ്രീൻലാൻഡിനെ സ്വന്തമാക്കാനുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നീക്കങ്ങൾ ആഗോള ക്രമത്തെ അട്ടിമറിക്കുന്നതാണെന്ന് ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡെറിക് നീൽസൺ. ട്രംപിന്‍റെ പ്രസ്താവനകൾ സൃഷ്ടിച്ചിരിക്കുന്നത് വെറുമൊരു പ്രാദേശിക തർക്കമല്ലെന്നും മറിച്ച് ലോകക്രമത്തെ ബാധിക്കുന്ന ഗുരുതരമായ സാഹചര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യാന്തര നിയമങ്ങൾ ഒരു കളിയല്ലെന്ന് നീൽസൺ ഓർമ്മിപ്പിച്ചു. നിയമങ്ങൾ ലംഘിക്കപ്പെട്ടാൽ നിലവിലുള്ള സഖ്യങ്ങൾ തകരുമെന്നും അത് ലോകത്തിന് അത്യന്തം അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുടെ ഭാഗത്തുനിന്ന് സൈനിക നടപടി ഉണ്ടാകാൻ സാധ്യത കുറവാണെങ്കിലും, അത് പൂർണ്ണമായും തള്ളിക്കളയാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. “മറുഭാഗം (അമേരിക്ക) അക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്,” എന്നായിരുന്നു സൈനിക ഭീഷണിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ഗ്രീൻലാൻഡിന്‍റെ പരമാധികാരത്തെ മാനിക്കണമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ യൂറോപ്യൻ യൂണിയനും മറ്റ് സഖ്യകക്ഷികൾക്കും നീൽസൺ നന്ദി അറിയിച്ചു. ആഗോള നിയമങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 75 വർഷമായി അമേരിക്കൻ സൈനിക താവളത്തിന് ഗ്രീൻലാൻഡ് ഇടം നൽകുന്നുണ്ട്. നാറ്റോ സഖ്യകക്ഷിയെന്ന നിലയിലുള്ള സാമ്പത്തിക-പ്രതിരോധ ബന്ധങ്ങൾ തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, അത് പരസ്പര ബഹുമാനത്തിലധിഷ്ഠിതമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുമായി കൂടുതൽ മേഖലകളിൽ സഹകരിക്കാൻ ഗ്രീൻലാൻഡ് തയ്യാറാണ്. എന്നാൽ ഈ മാന്യത തിരികെ ലഭിക്കാത്ത പക്ഷം വിശ്വസ്തമായ ഒരു പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നത് പ്രയാസകരമായിരിക്കുമെന്നും അദ്ദേഹം വൈറ്റ് ഹൗസിന് മുന്നറിയിപ്പ് നൽകി.

More Stories from this section

family-dental
witywide