ഭീതിയേറിയ സാഹചര്യം, യുഎസ്-ഇറാൻ യുദ്ധം തടയാൻ ഗൾഫ് രാജ്യങ്ങളുടെ ‘അണിയറ’ നീക്കം; ആശങ്കയോടെ സൗദിയും ഖത്തറും ഒമാനും

ദോഹ: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളിൽ അമേരിക്ക സൈനികമായി ഇടപെടാൻ ഒരുങ്ങുന്നതിനിടയിൽ, ഒരു വൻ യുദ്ധം ഒഴിവാക്കാൻ ഗൾഫ് രാജ്യങ്ങൾ തീവ്രമായ നയതന്ത്ര ശ്രമങ്ങൾ ആരംഭിച്ചു. സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളാണ് ട്രംപ് ഭരണകൂടത്തെ സൈനിക നീക്കത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ രഹസ്യമായി നീക്കം നടത്തുന്നത്. ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം ഉണ്ടായാൽ അത് മിഡിൽ ഈസ്റ്റിന്റെ സുരക്ഷയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും തകിടം മറിക്കുമെന്ന് ഈ രാജ്യങ്ങൾ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി.

പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രക്ഷോഭകാരികൾക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും ‘സഹായം ഉടൻ എത്തും’ എന്ന് ഭീഷണി മുഴക്കുകയും ചെയ്തത് മേഖലയെ യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്. എന്നാൽ, അമേരിക്കൻ ആക്രമണം ഉണ്ടായാൽ അത് ഇറാന്റെ ആഭ്യന്തര പ്രക്ഷോഭങ്ങളെ ദുർബലപ്പെടുത്തുകയും ഇറാനിയൻ ജനതയെ ഭരണകൂടത്തിന് പിന്നിൽ അണിനിരത്താൻ മാത്രമേ സഹായിക്കൂ എന്നും ഗൾഫ് ഭരണകൂടങ്ങൾ വിലയിരുത്തുന്നു.

ഗൾഫ് രാജ്യങ്ങളിലെ പല അമേരിക്കൻ സൈനിക താവളങ്ങളും തങ്ങളുടെ ലക്ഷ്യങ്ങളാണെന്ന് ഇറാൻ ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധം ഉണ്ടായാൽ എണ്ണവില കുതിച്ചുയരുമെന്നും ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെടുമെന്നും സൗദി അറേബ്യയും ഖത്തറും ഭയപ്പെടുന്നു. കാലങ്ങളായി അമേരിക്കയ്ക്കും ഇറാനും ഇടയിൽ പാലമായി പ്രവർത്തിക്കുന്ന ഒമാൻ, ഇരുപക്ഷവും ചർച്ചയ്ക്ക് തയ്യാറാകണമെന്ന നിലപാടിലാണ്.
അമേരിക്കയുടെ ഭാഗത്തുനിന്ന് സൈനിക നടപടി ഉണ്ടായാൽ തങ്ങളുടെ വ്യോമപാത ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ ഇതിനോടകം വ്യക്തമാക്കിയതായാണ് സൂചന. പശ്ചിമേഷ്യ ഒരു വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരിക്കാൻ ഈ നയതന്ത്ര ചർച്ചകൾ വിജയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

More Stories from this section

family-dental
witywide