
ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും നേരെ ഇറാൻ മുഴക്കിയ പുതിയ ഭീഷണി ഗൾഫ് രാജ്യങ്ങളെ കടുത്ത ആശങ്കയിലാക്കുന്നു. ശത്രുരാജ്യങ്ങളിലെ വൈദ്യുത നിലയങ്ങളും കടൽവെള്ളം ശുദ്ധീകരിക്കുന്ന ഡിസാലിനേഷൻ (Desalination) പ്ലാൻ്റുകളും തകർക്കുമെന്ന ഇറാൻ്റെ മുന്നറിയിപ്പാണ് മേഖലയെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്.
കടൽവെള്ളം ശുദ്ധീകരിച്ചു ലഭിക്കുന്ന കുടിവെള്ളത്തെ പൂർണ്ണമായും ആശ്രയിച്ചു കഴിയുന്ന ഗൾഫ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ജീവന്മരണ പോരാട്ടമായി മാറും. സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്കുള്ള 90 ശതമാനം കുടിവെള്ളവും ഇത്തരം പ്ലാൻ്റുകളിൽ നിന്നാണ് ലഭിക്കുന്നത്. വൈദ്യുതി നിലയങ്ങൾ തകർത്താൽ പ്ലാൻ്റുകളുടെ പ്രവർത്തനം നിലയ്ക്കുകയും കുടിവെള്ള വിതരണം പൂർണ്ണമായും സ്തംഭിക്കുകയും ചെയ്യും.
ഇസ്രായേലും തങ്ങളുടെ കുടിവെള്ള ആവശ്യങ്ങൾക്കായി ഡിസാലിനേഷൻ പ്ലാൻ്റുകളെ വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്. ഇറാൻ്റെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കമുണ്ടായാൽ അത് മിഡിൽ ഈസ്റ്റിലെ സമാധാന അന്തരീക്ഷത്തെ പാടെ തകർക്കുമെന്നുറപ്പാണ്. മിസൈൽ-ഡ്രോൺ ആക്രമണങ്ങളിലൂടെ ഇത്തരം കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുമെന്നാണ് ഇറാൻ്റെ മുന്നറിയിപ്പ്.
സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങൾ നയതന്ത്ര നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. സംഘർഷം ഒഴിവാക്കാനും മേഖലയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ നടന്നു വരികയാണ്.
Gulf countries tremble at Iran’s threat to destroy power plants and cut off drinking water















