H-1B ലോട്ടറി : ശമ്പളത്തിൻ്റെ അടിസ്ഥാനത്തിലുള്ള ആദ്യ തിരഞ്ഞെടുപ്പ് പൂർത്തിയായി; ഇനി എന്ത്?

വാഷിംഗ്ടൺ: 2027 സാമ്പത്തിക വർഷത്തേക്കുള്ള എച്ച്-1ബി (H-1B) വിസ ലോട്ടറി ഫലങ്ങൾ പുറത്തുവന്നു തുടങ്ങി. ലോകമെമ്പാടുമുള്ള പ്രൊഫഷണലുകളുടെ സ്വപ്നഭൂമിയായ അമേരിക്കയിലേക്ക് തൊഴിൽ വിസയുമായി കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എച്ച്-1ബി (H-1B) വിസ. ഐടി മേഖലയുൾപ്പെടെയുള്ള വിദഗ്ധ തൊഴിൽ മേഖലകളിൽ ഇന്ത്യക്കാരടക്കമുള്ള ലക്ഷക്കണക്കിന് ആളുകളാണ് ഓരോ വർഷവും ഈ വിസയ്ക്കായി അപേക്ഷിക്കുന്നത്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ കരുത്തായ വിദേശ പ്രതിഭകളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ വലിയ മാറ്റങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ, 2027 സാമ്പത്തിക വർഷത്തേക്കുള്ള എച്ച്-1ബി ലോട്ടറി ഫലങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങുമ്പോൾ പുതിയ നിയമങ്ങളും രീതികളും ഉദ്യോഗാർത്ഥികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്

ചരിത്രത്തിലാദ്യമായി റാൻഡം (Random) ലോട്ടറിക്ക് പകരം, ശമ്പള നിരക്കിൻ്റെ (Wage-based) അടിസ്ഥാനത്തിലാണ് ഇത്തവണ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) അപേക്ഷകരെ തിരഞ്ഞെടുത്തത്. വെള്ളിയാഴ്ച മുതൽ ഫലങ്ങൾ ലഭ്യമായിത്തുടങ്ങിയെന്നും വരും ദിവസങ്ങളിലും ഇത് തുടരുമെന്നും ഇമിഗ്രേഷൻ അഭിഭാഷകർ അറിയിച്ചു.

ഏപ്രിൽ 1-ന് മുൻപായി മുഴുവൻ ഫലങ്ങളും ലഭ്യമാകും. ഏപ്രിൽ ഒന്നു മുതൽ തിരഞ്ഞെടുക്കപ്പെട്ടവർക്കായി തൊഴിലുടമകൾക്ക് ഔദ്യോഗികമായി അപേക്ഷകൾ സമർപ്പിക്കാം.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ലോട്ടറി സെലക്ഷൻ സംബന്ധിച്ച വിവരം തൊഴിലുടമകൾക്കോ അവരുടെ അഭിഭാഷകർക്കോ ഉള്ള ‘myUSCIS’ അക്കൗണ്ടുകളിലാണ് ലഭിക്കുക. ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് ഫലം അറിയാൻ സാധിക്കില്ല; തൊഴിലുടമയോ അഭിഭാഷകനോ അറിയിച്ചാൽ മാത്രമേ സെലക്ഷൻ വിവരം അറിയാൻ കഴിയൂ.

ഇത്തവണ അപേക്ഷ സമർപ്പിക്കാൻ പുതുക്കിയ ഐ-129 (Form I-129) ഫോമാണ് ഉപയോഗിക്കേണ്ടത്. ജോലിയുടെ സ്വഭാവം, ആവശ്യമായ വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, നൈപുണ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഈ ഫോമിൽ നൽകേണ്ടതുണ്ട്.

രണ്ടാം ലോട്ടറിക്ക് സാധ്യതയുണ്ടോ?

നിലവിൽ അനുവദിക്കപ്പെട്ട 85,000 വിസ ക്വാട്ട തികയുന്നില്ലെങ്കിൽ രണ്ടാമതോ മൂന്നാമതോ ലോട്ടറി നടക്കാൻ സാധ്യതയുണ്ട്. അമേരിക്കയ്ക്ക് പുറത്തുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കാൻ ചില കമ്പനികൾ വലിയ തുക ഫീസ് നൽകേണ്ടി വരുന്നത് കാരണം പിന്മാറിയേക്കാം. അത്തരം സാഹചര്യങ്ങളിൽ സെലക്ഷൻ കിട്ടാത്തവർക്ക് വീണ്ടും അവസരം ലഭിച്ചേക്കാം. 2025-ൽ രണ്ടാം ലോട്ടറി ഉണ്ടായിരുന്നുവെങ്കിലും 2026-ൽ ഉണ്ടായിരുന്നില്ല. ഏപ്രിൽ 1 മുതൽ തുടങ്ങുന്ന അപേക്ഷാ നടപടികൾക്കായി തിരഞ്ഞെടുക്കപ്പെട്ടവർ തയ്യാറെടുക്കണമെന്നും അഭിഭാഷകർ നിർദ്ദേശിക്കുന്നു.

എന്തുകൊണ്ട് ലോട്ടറി?

എച്ച്-1ബി (H-1B) ലോട്ടറി എന്നത് അമേരിക്കയിൽ ജോലി ചെയ്യുന്നതിനായി വിദേശി വിദഗ്ധ തൊഴിലാളികൾക്ക് നൽകുന്ന വിസ അനുവദിക്കുന്നതിനുള്ള ഒരു തിരഞ്ഞെടുപ്പ് രീതിയാണ്. അമേരിക്കൻ കമ്പനികൾക്ക് തദ്ദേശീയമായി ലഭ്യമല്ലാത്ത പ്രത്യേക വൈദഗ്ധ്യമുള്ള (ഉദാഹരണത്തിന് ഐടി, എഞ്ചിനീയറിംഗ്, മെഡിസിൻ തുടങ്ങിയ മേഖലകളിൽ) വിദേശ തൊഴിലാളികളെ താൽക്കാലികമായി നിയമിക്കാൻ സഹായിക്കുന്ന വിസയാണിത്. ഓരോ വർഷവും അമേരിക്ക നിശ്ചിത എണ്ണം എച്ച്-1ബി വിസകൾ മാത്രമേ നൽകാറുള്ളൂ. സാധാരണയായി ഇത് പ്രതിവർഷം 85,000 ആണ് (ഇതിൽ 20,000 എണ്ണം അമേരിക്കയിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദം നേടിയവർക്കായി മാറ്റിവെച്ചിരിക്കുന്നു). വിസയുടെ എണ്ണത്തേക്കാൾ (85,000) വളരെ കൂടുതൽ അപേക്ഷകൾ (പലപ്പോഴും ലക്ഷക്കണക്കിന്) ലഭിക്കാറുണ്ട്. അപ്പോൾ ആർക്കൊക്കെ വിസയ്ക്ക് അപേക്ഷിക്കാൻ അനുമതി നൽകണമെന്ന് തീരുമാനിക്കാനാണ് ‘ലോട്ടറി’ സമ്പ്രദായം ഉപയോഗിക്കുന്നത്.

H-1B Lottery: First selection based on salary completed; what next?

More Stories from this section

family-dental
witywide