
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഡൽഹി നഗര മേഖലയിൽ കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ശക്തമായ കാറ്റിലും മഴയിലും നഗരത്തിലെ പ്രധാന റോഡുകളിലെ തെരുവ് വിളക്കുകൾ തകർന്നുവീണു. റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പലയിടങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മഴ കനത്തതോടെ ഡൽഹി വിമാനത്താവളത്തിലെ ടെർമിനലിൽ വെള്ളം കയറുകയും ഒമ്പത് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. പല അന്താരാഷ്ട്ര വിമാന സർവീസുകളെയും മഴ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലും ബിഹാറിലും മഴ ശക്തി പ്രാപിച്ചതോടെ പ്രളയ മുന്നറിയിപ്പ് നൽകുകയും നിരവധി ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ഈ സംസ്ഥാനങ്ങളിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Heavy Rain Lashes North India: Red Alert in Delhi, Flights Diverted as Water Enters Airport













