‘മുരശ്’ ചുഴലിക്കാറ്റ് രൂപപ്പെട്ടു, നവംബർ മൂന്നിന് കരതൊട്ടേക്കും, ആന്ധ്രയിൽ അതീവ ജാഗ്രത; കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത

അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം ‘മുരശ്’ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ രണ്ടോടെ കൂടുതൽ കരുത്താർജിച്ച് തീവ്ര ചുഴലിക്കാറ്റായി മാറുന്ന ഇത്, നവംബർ മൂന്നിന് രാവിലെ തെക്കൻ ആന്ധ്രാപ്രദേശിലെ നെല്ലൂരിനും നർസാപുരിനും ഇടയിൽ കരതൊടുമെന്നാണ് കണക്കാക്കുന്നത്. കരതൊടുമ്പോൾ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മേഖലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിലെ തീരപ്രദേശങ്ങളിലും റായലസീമയിലും അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഏലൂരു, വെസ്റ്റ് ഗോദാവരി, കൃഷ്ണ, ഗുണ്ടൂർ, നെല്ലൂർ, തിരുപ്പതി തുടങ്ങിയ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ബുധനാഴ്ച വരെ കടലിൽ പോകരുതെന്ന് കർശന നിർദേശം നൽകി. മുൻകരുതലിന്റെ ഭാഗമായി അയൽ സംസ്ഥാനമായ ഒഡിഷയും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

ഒക്ടോബർ 28-ന് ആന്ധ്രാ തീരത്ത് വീശിയടിച്ച ‘അർണബ്’ ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങളിൽനിന്ന് സംസ്ഥാനം കരകയറുന്നതിനിടെയാണ് പുതിയ ചുഴലിക്കാ ഭീഷണി എത്തിയിരിക്കുന്നത്. ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു കഴിഞ്ഞദിവസം ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ തീരദേശവാസികളോട് അതീവ ജാഗ്രത പാലിക്കാനും ഔദ്യോഗിക നിർദേശങ്ങൾ കൃത്യമായി പിന്തുടരാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കേരളത്തിലും വരുംദിവസങ്ങളിൽ മഴ കനക്കും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചു. നവംബർ ഒന്നിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും നവംബർ രണ്ടിന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും അലർട്ടുണ്ട്. നവംബർ മൂന്നിന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും നവംബർ നാലിന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

Cyclone ‘Muras’ Forms Over Bay of Bengal: Expected to Landfall on Andhra Coast on November 3, Rain Alert Issued for Kerala

More Stories from this section

family-dental
witywide