ട്രംപ് പറഞ്ഞത് പോലെയല്ലേ കാര്യങ്ങൾ? ഇറാൻ നടപടിയിൽ സമയപരിധി നിശ്ചയിക്കാനാവില്ലെന്ന് പെന്റഗൺ; ട്രംപിന്റെ നിർദ്ദേശപ്രകാരം നീക്കങ്ങൾ തുടരുമെന്ന് പ്രതിരോധ സെക്രട്ടറി

വാഷിം​ഗ്ടൺ: ഇറാനിലെ അമേരിക്കൻ സൈനിക നടപടികൾ എത്രകാലം നീണ്ടുനിൽക്കുമെന്ന് ഇപ്പോൾ വ്യക്തമാക്കാനാവില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. തിങ്കളാഴ്ച പെന്റഗണിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് സൈനിക നീക്കങ്ങളുടെ സമയപരിധിയെക്കുറിച്ച് കൃത്യമായ മറുപടി നൽകാൻ അദ്ദേഹം വിസമ്മതിച്ചത്. രണ്ട് ആഴ്ചയോ നാലോ ആറോ ആഴ്ചകളോ എടുത്തു എന്ന് വരാം, സാഹചര്യങ്ങൾക്കനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാമെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താൽപ്പര്യപ്രകാരം ലക്ഷ്യങ്ങൾ കൈവരിക്കുന്നത് വരെ സൈന്യം മുന്നോട്ട് പോകുമെന്നും മുൻ പ്രസിഡന്റുമാരിൽ നിന്നും വ്യത്യസ്തമായി ദീർഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങളാണ് ട്രംപ് കൈക്കൊള്ളുന്നതെന്നും ഹെഗ്‌സെത്ത് അവകാശപ്പെട്ടു.

ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്‌നും പ്രതിരോധ സെക്രട്ടറിക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കങ്ങൾ ലക്ഷ്യം കാണുന്നത് വരെ തുടരുമെന്ന് ഇരുവരും ആവർത്തിച്ചു. എന്നാൽ ഈ സൈനിക നീക്കത്തിന്റെ കൃത്യമായ ലക്ഷ്യങ്ങൾ എന്താണെന്നോ അവ എപ്പോൾ പൂർത്തിയാകുമെന്നോ വ്യക്തമാക്കാൻ ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖങ്ങളിൽ നാല് മുതൽ അഞ്ച് ആഴ്ച വരെ യുദ്ധം നീണ്ടുനിന്നേക്കാമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നുവെങ്കിലും സൈനിക നേതൃത്വം ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം നൽകിയിട്ടില്ല.

അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റ തന്ത്രത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും പീറ്റ് ഹെഗ്‌സെത്ത് ഒഴിഞ്ഞുമാറി. സൈനികർക്ക് തങ്ങളുടെ ദൗത്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും യുദ്ധക്കളത്തിൽ അവർ അത് അതിശക്തമായി നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെന്റ്‌കോം കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നത്. എന്നാൽ സൈനിക രഹസ്യങ്ങളും പദ്ധതികളുടെ കാലാവധിയും മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.

More Stories from this section

family-dental
witywide