യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദ്യമായി ആദരമർപ്പിച്ച് പീറ്റ് ഹെഗ്‌സെത്ത്; പെന്റഗണിൽ പതറാത്ത നിലപാടുമായി പ്രതിരോധ സെക്രട്ടറി

വാഷിം​ഗ്ടൺ: ഇറാനെതിരെയുള്ള യുഎസ് സൈനിക നീക്കം ആരംഭിച്ചതിന് ശേഷം ആദ്യമായി, യുദ്ധത്തിൽ വീരമൃത്യു വരിച്ച അമേരിക്കൻ സൈനികരുടെ ത്യാഗത്തെ പരസ്യമായി അംഗീകരിച്ചുകൊണ്ട് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പെന്റഗണിൽ സംസാരിച്ചു. മുൻപത്തെ വാർത്താ സമ്മേളനങ്ങളിൽ നിന്ന് വ്യത്യസ്തമായി, അതീവ ഗൗരവമേറിയതും വൈകാരികവുമായ ശൈലിയിലാണ് അദ്ദേഹം ഇത്തവണ പ്രസംഗം ആരംഭിച്ചത്. മാർച്ച് ഒന്നിന് ആദ്യ അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടതിന് ശേഷം അഞ്ച് തവണ അദ്ദേഹം മാധ്യമങ്ങളെ കണ്ടിരുന്നുവെങ്കിലും, അപ്പോഴെല്ലാം മാധ്യമ വിമർശനത്തിനും സൈനിക നേട്ടങ്ങൾ വിവരിക്കാനുമാണ് അദ്ദേഹം മുൻഗണന നൽകിയിരുന്നത്.

കഴിഞ്ഞ ദിവസം ഡോവർ എയർഫോഴ്സ് ബേസിൽ എത്തി, യുദ്ധത്തിൽ കൊല്ലപ്പെട്ട 13 സൈനികരിൽ ആറ് പേരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്ന ചടങ്ങിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം ഹെഗ്‌സെത്തും പങ്കെടുത്തിരുന്നു. ഈ അനുഭവമാണ് അദ്ദേഹത്തിന്റെ സംസാരത്തിൽ മാറ്റം വരുത്തിയത്. “ഫ്ലാഗ് ഡ്രാപ്പ് ചെയ്ത ശവപ്പെട്ടികളിൽ ഹീറോകൾ മടങ്ങിവരുന്നത് ഞങ്ങൾ നിശബ്ദരായി നോക്കിനിന്നു. അവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു. ഓരോ കുടുംബത്തിനും പറയാനുണ്ടായിരുന്നത് ഒന്നുമാത്രമാണ്—ഈ ദൗത്യം പൂർത്തിയാക്കുക, അവരുടെ ത്യാഗത്തെ മാനിക്കുക, ലക്ഷ്യത്തിൽ നിന്ന് പിന്മാറരുത്,” ഹെഗ്‌സെത്ത് പറഞ്ഞു.

മുൻപ്, സൈനികരുടെ മരണം മാധ്യമങ്ങൾ ആഘോഷിക്കുന്നത് പ്രസിഡന്റിനെ മോശമായി ചിത്രീകരിക്കാനാണെന്ന അദ്ദേഹത്തിന്റെ പരാമർശം വലിയ വിവാദമായിരുന്നു. എന്നാൽ ഇത്തവണ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്‌നിന്റെ ശൈലി പിന്തുടർന്ന് സൈനികരെ ആദരിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. എങ്കിലും, വൈകാരികമായ ആമുഖത്തിന് ശേഷം അദ്ദേഹം വീണ്ടും മാധ്യമങ്ങളുടെ യുദ്ധ റിപ്പോർട്ടിംഗിനെ വിമർശിക്കാനും യുഎസ് സൈന്യത്തിന്റെ കരുത്തിനെ പ്രശംസിക്കാനും സമയം കണ്ടെത്തി. കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾ നൽകിയ കരുത്തും നിശ്ചയദാർഢ്യവുമാണ് വരും ദിവസങ്ങളിൽ അമേരിക്കയുടെ നീക്കങ്ങൾക്ക് കരുത്തേകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide