
വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി, ഇറാൻ കൈവശം വെക്കാൻ പാടില്ലാത്ത എല്ലാ ആണവ സാമഗ്രികളും അവിടെ നിന്ന് നീക്കം ചെയ്യുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി. പെന്റഗണിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇറാൻ ആണവായുധം നിർമ്മിക്കാൻ ഒരുകാലത്തും അനുവദിക്കില്ലെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉറച്ച നിലപാടിന്റെ തുടർച്ചയാണിതെന്ന് അദ്ദേഹം പറഞ്ഞു. മുൻ പ്രസിഡന്റുമാർ ഇത് വെറും വാഗ്ദാനമായി നൽകിയപ്പോൾ ട്രംപ് അത് പ്രായോഗികമാക്കുകയാണെന്നും ഹെഗ്‌സെത്ത് കൂട്ടിച്ചേർത്തു.
അമേരിക്കൻ വ്യോമാക്രമണത്തിൽ ലക്ഷ്യമിട്ട യുറേനിയം ശേഖരം ഇറാനുമായി ചേർന്ന് നീക്കം ചെയ്യുമെന്ന് ഇന്ന് രാവിലെ ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധ സെക്രട്ടറിയുടെ വിശദീകരണം വന്നത്. ഇറാൻ ഈ ആണവ ശേഖരം സ്വമേധയാ അമേരിക്കയ്ക്ക് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വെടിനിർത്തൽ കരാറിനെ സംബന്ധിച്ച ഇറാന്റെ ഔദ്യോഗിക പ്രസ്താവനകളിൽ ആണവ സാമഗ്രികൾ നീക്കം ചെയ്യുന്നതിനെക്കുറിച്ച് ഇതുവരെ പരാമർശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ആണവ ശേഖരം കൈമാറാൻ ഇറാൻ തയ്യാറായില്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ തേടുമെന്ന കർശനമായ മുന്നറിയിപ്പും ഹെഗ്‌സെത്ത് നൽകി. കഴിഞ്ഞ ജൂണിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ‘മിഡ്‌നൈറ്റ് ഹാമർ’ പോലുള്ള സൈനിക നടപടികൾ ആവർത്തിക്കാൻ അമേരിക്ക മടിക്കില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒന്നെങ്കിൽ ഇറാൻ സമാധാനപരമായി ആണവ സാമഗ്രികൾ വിട്ടുനൽകണം, അല്ലെങ്കിൽ അവ പിടിച്ചെടുക്കാൻ അമേരിക്ക നേരിട്ട് ഇടപെടും എന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നൽകിയിരിക്കുന്നത്. നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടാൽ സൈനിക നടപടിക്കുള്ള അവസരം അമേരിക്ക മാറ്റിവെച്ചിട്ടില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.













