
വാഷിംഗ്ടൺ: മിസോറിയിലെ മെറാമെക് സ്റ്റേറ്റ് പാർക്കിന് സമീപം വ്യാഴാഴ്ച ഉച്ചയോടെ ഹെലികോപ്റ്റർ ഇടിച്ചിറങ്ങി അപകടം. പൈലറ്റും മൂന്ന് മിസോറി സ്റ്റേറ്റ് പാർക്ക് ജീവനക്കാരുമടക്കം നാല് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. നാലുപേരും ചെറിയ പരുക്കുകളോടെ രക്ഷപെട്ടു.
പാർക്കിൽ വായുമാർഗ്ഗമുള്ള പാരിസ്ഥിതിക സർവ്വേ നടത്തുന്നതിനിടെ ഹെലികോപ്റ്റർ വൈദ്യുത ലൈനിൽ തട്ടിയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. പവർ ലൈനിൽ തട്ടിയ വിമാനം ഉടൻ തന്നെ മെറാമെക് നദിയിലേക്ക് പതിക്കുകയായിരുന്നു. ഹെലികോപ്ടറിലുണ്ടായിരുന്ന നാലുപേരും നദിയിൽ നിന്ന് നീന്തിക്കയറി രക്ഷപെടുകയായിരുന്നു.
ഇവരെ ഉടൻ തന്നെ സള്ളിവനിലെ മിസോറി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. എല്ലാവർക്കും നിസ്സാര പരിക്കുകൾ മാത്രമേ ഉള്ളൂവെന്നും ആരുടെയും നില ഗുരുതരമല്ലെന്നും ഔദ്യോഗിക റിപ്പോർട്ടുകളുണ്ട്.
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) സംഭവസ്ഥലത്തെത്തി അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
സള്ളിവൻ ഫയർ പ്രൊട്ടക്ഷൻ ഡിസ്ട്രിക്റ്റ്, മിസോറി സ്റ്റേറ്റ് ഹൈവേ പട്രോൾ തുടങ്ങിയ ഏജൻസികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Helicopter crashes into Meramec River at Missouri state park; all passengers escape










