
ശബരിമലയിലെ സ്വർണക്കൊള്ള അന്വേഷണത്തിന് പിന്നാലെ കൊടിമരം പുനർനിർമ്മിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളിലും പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. എസ് ഐ ടിക്ക് പകരം വിജിലൻസ് അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പുനർനിർമ്മാണത്തിനായി ഭക്തർ നൽകിയ സ്വർണ്ണത്തിന്റെ അളവിലും നിർമ്മാണ ചെലവിലും പൊരുത്തക്കേടുകൾ ഉണ്ടെന്ന പരാതിയെ തുടർന്നാണ് കോടതി നടപടി. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. തന്ത്ര കണ്ഠരര് രാജിവർ കൊടിമര പുനർനിർമ്മാണത്തിന് ശേഷം വാജി വാഹനം കൊണ്ടുപോയത് വിവാദമായിരുന്നു. പ്രയാർ ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഇതോടെ പ്രതിക്കൂട്ടിലായിരിക്കുന്നത്. അജയ് തറയിലായിരുന്നു അന്നത്തെ കോൺഗ്രസ് ദേവസ്വം ബോർഡ് അംഗം.
കൊടിമരം നിർമ്മാണത്തിന് ഉപയോഗിച്ച സ്വർണ്ണത്തിന്റെ കണക്കുകളിൽ അവ്യക്തതയുണ്ടെന്നും ഇതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും കാണിച്ച് ഭക്തർ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അന്വേഷണ റിപ്പോർട്ട് നിശ്ചിത സമയത്തിനകം സമർപ്പിക്കണമെന്നും വിജിലൻസിനോട് കോടതി ആവശ്യപ്പെട്ടു. ശബരിമലയിലെ വികസന പ്രവർത്തനങ്ങളുടെ സുതാര്യത ഉറപ്പാക്കണമെന്നും കോടതി നിരീക്ഷിച്ചു.
കൊടിമരം നിർമ്മാണത്തിന് ചെലവായ തുക സംബന്ധിച്ച കൃത്യമായ രേഖകൾ ഹാജരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വർണ്ണം പൂശിയതിലും അനുബന്ധ പ്രവൃത്തികളിലും ക്രമക്കേട് നടന്നതായാണ് ആരോപണം. ക്ഷേത്രവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഭക്തരുടെ വിശ്വാസം സംരക്ഷിക്കപ്പെടണമെന്നും കോടതി ഊന്നിപ്പറഞ്ഞു.
High Court Orders Vigilance Inquiry into Sabarimala Flagpole Reconstruction Controversy















