
മാഡ്രിഡ്: തെക്കൻ സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുറഞ്ഞത് 21 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം തെക്കൻ സ്പെയിനിലെ കോർഡോബ പ്രവിശ്യയിലെ ആദമുസിനു സമീപമാണ് അപകടമുണ്ടായത്. ഏകദേശം 73 പേർക്ക് പരിക്കേറ്റെന്നാണ് വിവരം. പരുക്കേറ്റവരിൽ മുപ്പതോളെ ആളുകളുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഞായറാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6:40-ന് മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പുറപ്പെട്ട ഇരിയോ എന്ന അതിവേഗ ട്രെയിൻ ട്രാക്കിൽ നിന്ന് തെന്നിമാറി തൊട്ടടുത്ത ട്രാക്കിലേക്ക് വീഴുകയും, എതിർദിശയിൽ വന്ന റെൻഫെ ട്രെയിനുമായി കൂട്ടിയിടിക്കുകയും ചെയ്യുകയായിരുന്നു. റെയിൽവേ ട്രാക്കിലെ നേരെയുള്ള ഭാഗത്താണ് ട്രെയിൻ പാളം തെറ്റിയത് എന്നത് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്താൻ ഊർജിതമായ അന്വേഷണം നടന്നുവരികയാണ്.
കൂട്ടിയിടി ഉണ്ടായ സമയത്ത് “ഭൂകമ്പം” പോലെ അനുഭവപ്പെട്ടു എന്നാണ് ട്രെയിനിലുണ്ടായിരുന്ന ആർടിവിഇയിലെ പത്രപ്രവർത്തകനായ സാൽവഡോർ ജിമെനെസ് പറഞ്ഞത്.
സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ദുരിതബാധിതരെ സഹായിക്കാൻ സർക്കാർ അടിയന്തര സേവനങ്ങളുമായി പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞു, അതേസമയം അൻഡാലുഷ്യൻ റീജിയണൽ പ്രസിഡന്റ് ജുവാൻമ മൊറേനോ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ള തന്റെ ആശങ്കയും പിന്തുണയും പ്രകടിപ്പിച്ചു. അപകടത്തെത്തുടർന്ന് മാഡ്രിഡിനും അന്ദലൂസിയയ്ക്കും ഇടയിലുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവെച്ചു. സ്പാനിഷ് രാജാവ് ഫിലിപ്പ് ആറാമനും രാജ്ഞി ലെറ്റിസിയയും അപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി.
High-speed train collision in Spain causes major disaster: 21 people die in tragedy















