യുപിയില്‍ സബര്‍മതി എക്‌സ്പ്രസ് ട്രെയിനിന്റെ 20 കോച്ചുകള്‍ പാളം തെറ്റി, ആളപായമില്ല, അട്ടിമറി സംശയം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സബര്‍മതി എക്‌സ്പ്രസ് പാസഞ്ചര്‍ ട്രെയിനിന്റെ 20 കോച്ചുകള്‍ പാളം തെറ്റി. ശനിയാഴ്ച പുലര്‍ച്ചെ 2.30 ന് കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. ഝാന്‍സിയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. നിലവില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വാരണാസി ജംഗ്ഷനും അഹമ്മദാബാദിനും ഇടയില്‍ സര്‍വീസ് നടത്തുന്ന സബര്‍മതി എക്സ്പ്രസ് 19168 ന്റെ മുന്‍ഭാഗം പാറകളില്‍ തട്ടി കേടായതായി ലോക്കോ പൈലറ്റ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഏഴ് ട്രെയിനുകള്‍ റദ്ദാക്കിയതായും മൂന്നെണ്ണം വഴിതിരിച്ചുവിട്ടതായും റെയില്‍വേ അറിയിച്ചു. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായും റെയില്‍വേ അറിയിച്ചു.

യാത്രക്കാരെ മറ്റൊരു സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ റെയില്‍വേ ഒരു ബസ് ക്രമീകരിച്ചു. അവിടെ നിന്ന് അവരെ പ്രത്യേക ട്രെയിനില്‍ അയയ്ക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവം പരിശോധിച്ചുവരികയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.