
വാഷിംഗ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് രേഖകൾ പുറത്തുവിടുന്നതിൽ ട്രംപ് ഭരണകൂടം മനഃപൂർവ്വം കാലതാമസം വരുത്തുകയാണെന്നും വസ്‌തുതകൾ മൂടിവെക്കാൻ ശ്രമിക്കുകയാണെന്നും മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിനിടെ ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഹിലരി കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. രേഖകളിലുള്ള പ്രമുഖരുടെ പേരുകൾ വെട്ടിമാറ്റിയും കോൺഗ്രസ് അംഗങ്ങളുടെ നിയമാനുസൃതമായ ആവശ്യങ്ങളെ തടഞ്ഞും ഭരണകൂടം അന്വേഷണത്തെ അട്ടിമറിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി.
എന്നാൽ ഈ ആരോപണങ്ങളെ ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് ശക്തമായി നിഷേധിച്ചു. നീതിന്യായ വകുപ്പ് പൂർണ്ണമായ സുതാര്യത ഉറപ്പാക്കുന്നുണ്ടെന്നും ഒന്നും ഒളിച്ചുവെക്കുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. അതേസമയം, പുറത്തുവന്ന ഏറ്റവും പുതിയ രേഖകളിൽ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണെക്കുറിച്ചുള്ള നിരവധി പരാമർശങ്ങളുണ്ട്. ക്ലിന്റന്റെ സ്റ്റാഫ് അംഗങ്ങൾ എപ്‌സ്റ്റീനും സഹായി ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലുമായും നടത്തിയ അശ്ലീലച്ചുവയുള്ള ആശയവിനിമയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മുൻപ് പുറത്തുവന്ന ചിത്രങ്ങളിൽ എപ്‌സ്റ്റീനൊപ്പവും ഇരയെന്ന് കരുതപ്പെടുന്ന പെൺകുട്ടിക്കൊപ്പവും ബിൽ ക്ലിന്റണെ കണ്ടത് വലിയ വിവാദമായിരുന്നു.
തങ്ങൾക്കൊന്നും ഒളിച്ചുവെക്കാനില്ലെന്നും തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബിൽ ക്ലിന്റൺ ആവർത്തിച്ചു. മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, സഭയുടെ സമൻസുകൾ ലംഘിച്ചതിന് ക്ലിന്റൺ ദമ്പതികളെ ‘കോടതി അലക്ഷ്യത്തിന്’ ശിക്ഷിക്കാൻ നടപടി തുടങ്ങിയപ്പോഴാണ് അവർ മൊഴി നൽകാൻ തയ്യാറായത്. ഈ മാസം അവസാനം ഹൗസ് ഓവർസൈറ്റ് കമ്മിറ്റിക്ക് മുൻപാകെ ഇരുവരും രഹസ്യമായി മൊഴി നൽകും. എപ്‌സ്റ്റീൻ കേസിലെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ ഈ മൊഴിയിലൂടെ പുറത്തുവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.















