എപ്‌സ്റ്റീൻ ബന്ധം വിനയായി; ലോകപ്രശസ്ത ടാലന്റ് ഏജൻസി വിൽക്കാൻ കേസി വാസ്സർമാൻ, എന്നാൽ ഒളിമ്പിക്സ് പദവിയിൽ തുടരുമെന്ന് പ്രഖ്യാപനം

ലോസ് ആഞ്ചലസ്: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ പ്രതിഷേധങ്ങളെത്തുടർന്ന് സ്വന്തം ടാലന്റ് ഏജൻസിയായ ‘വാസ്സർമാൻ’ വിൽക്കാൻ കേസി വാസ്സർമാൻ തീരുമാനിച്ചു. 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സ് കമ്മിറ്റി അധ്യക്ഷൻ കൂടിയായ വാസ്സർമാൻ, വെള്ളിയാഴ്ച തന്റെ ജീവനക്കാർക്ക് അയച്ച മെമ്മോയിലാണ് ഈ വിവരം അറിയിച്ചത്. എപ്‌സ്റ്റീന്റെ സഹായിയായിരുന്ന ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലുമായി വാസ്സർമാൻ നടത്തിയ പഴയകാല ഇമെയിൽ സന്ദേശങ്ങൾ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് ആധാരം.

2003-ൽ മാക്‌സ്‌വെല്ലിന് വാസ്സർമാൻ അയച്ച ‘ഫ്ലർട്ടിംഗ്’ സ്വഭാവമുള്ള സന്ദേശങ്ങളാണ് യുഎസ് നീതിന്യായ വകുപ്പ് കഴിഞ്ഞ മാസം പുറത്തുവിട്ടത്.
വിവാദത്തെത്തുടർന്ന് പ്രമുഖ ഗായിക ചാപ്പൽ റോൺ, മുൻ അമേരിക്കൻ ഫുട്ബോൾ താരം ആബി വാംബാച്ച് തുടങ്ങിയ പ്രമുഖർ വാസ്സർമാൻ ഏജൻസിയുമായുള്ള കരാർ ഉപേക്ഷിച്ചു. കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് താൻ ഒരു ‘തടസ്സമായി’ മാറുന്നുവെന്ന് തിരിച്ചറിഞ്ഞാണ് സ്ഥാപനം വിൽക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്ഥാപനം വിൽക്കാൻ തീരുമാനിച്ചെങ്കിലും 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സ് (LA28) അധ്യക്ഷ സ്ഥാനത്ത് അദ്ദേഹം തുടരും. എപ്‌സ്റ്റീൻ ഫയലുകൾ പരിശോധിച്ച ഒളിമ്പിക്സ് ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ്, വാസ്സർമാന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി തെളിവുകളില്ലെന്നും അതിനാൽ പദവിയിൽ തുടരുന്നതിൽ തടസ്സമില്ലെന്നുമാണ് ബോർഡിന്റെ നിലപാട്. താൻ ഇപ്പോൾ പൂർണ്ണമായും ഒളിമ്പിക്സിന്റെ വിജയത്തിനായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വാസ്സർമാൻ മെമ്മോയിൽ പറഞ്ഞു. എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങൾ പുറത്തുവരുന്നതിന് വർഷങ്ങൾക്ക് മുൻപ് നടന്ന സൗഹൃദപരമായ സന്ദേശങ്ങൾ മാത്രമായിരുന്നു അവയെന്നും അതിൽ താൻ അങ്ങേയറ്റം ഖേദിക്കുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. നിലവിൽ കമ്പനിയുടെ ദൈനംദിന ചുമതലകൾ പ്രസിഡന്റ് മൈക്ക് വാട്ട്‌സിനെ ഏൽപ്പിച്ചിരിക്കുകയാണ്.

More Stories from this section

family-dental
witywide