
വാഷിംഗ്ടൺ: മിനസോട്ടയിൽ നടന്ന ‘ഓപ്പറേഷൻ മെട്രോ സർജ്’ വഴി ഇതിനോടകം 4,000-ത്തിലധികം ആളുകളെ അറസ്റ്റ് ചെയ്തതായി വൈറ്റ് ഹൗസ് ബോർഡർ ചീഫ് ടോം ഹോമൻ സ്ഥിരീകരിച്ചു. എന്നാൽ ഇതിൽ എത്രപേർ സുരക്ഷാ ഭീഷണിയുള്ളവരാണെന്നോ, കൃത്യമായ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നോ ഉള്ള ഔദ്യോഗിക കണക്കുകൾ പുറത്തുവിടാൻ അദ്ദേഹം തയ്യാറായില്ല.
അറസ്റ്റുചെയ്തവരുടെ കൃത്യമായ തരംതിരിക്കൽ തന്റെ പക്കലില്ലെന്നും പ്രാദേശിക ഫീൽഡ് ഓഫീസുകളിൽ നിന്ന് ആ വിവരങ്ങൾ ലഭ്യമാകുമെന്നുമാണ് ഹോമൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
തന്റെ നേതൃത്വത്തിൽ നടന്ന അറസ്റ്റുകളെല്ലാം തന്നെ കൃത്യമായ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളതാണെന്നും, മുമ്പ് നടന്ന അറസ്റ്റുകളും അത്തരത്തിൽ തന്നെയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഓപ്പറേഷനിടെ മിനസോട്ടയിൽ ചില ‘പ്രശ്നങ്ങൾ’ ഉണ്ടായതായി ഹോമൻ സമ്മതിച്ചു. രണ്ട് അമേരിക്കൻ പൗരന്മാരുടെ മരണം ഉൾപ്പെടെയുള്ള വിവാദ സംഭവങ്ങളെക്കുറിച്ചുള്ള പരോക്ഷ സൂചനയായിരുന്നു ഇത്. “ചില പ്രശ്നങ്ങൾ ഇവിടെ ഉണ്ടായിരുന്നു, ഞങ്ങൾ അത് പരിഹരിച്ചു. എന്നാൽ ആരെങ്കിലും തെറ്റ് ചെയ്തെന്നോ പ്രൊഫഷണൽ അല്ലാതെ പെരുമാറിയെന്നോ ഞാൻ പറയില്ല. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു, ഞങ്ങൾ മിനസോട്ടയെ കൂടുതൽ സുരക്ഷിതമാക്കിയാണ് മടങ്ങുന്നത്,” ഹോമൻ പറഞ്ഞു.
ക്രിമിനൽ പശ്ചാത്തലമുള്ളവർക്കാണ് മുൻഗണനയെന്ന് ആവർത്തിക്കുമ്പോഴും, കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത രേഖകളില്ലാത്ത കുടിയേറ്റക്കാരും സുരക്ഷിതരല്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്ന ആരെയും നാടുകടത്താൻ നിയമം അനുവദിക്കുന്നുണ്ടെന്നും ആരെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.















