
വാഷിംഗ്ടൺ: ആഗോള വിപണിയിലെ എണ്ണവില നിയന്ത്രിക്കുന്നതിനായി ഇറാനു മേലുള്ള ഉപരോധങ്ങളിൽ ഇളവ് വരുത്തി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം തടസ്സപ്പെട്ട പശ്ചാത്തലത്തിലാണ് ഇറാന് ക്രൂഡ് ഓയിൽ വിൽക്കാൻ ട്രംപ് പച്ചക്കൊടി കാട്ടിയത്.
ഇറാൻ്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെയാണ് അപ്രതീക്ഷിതമായ ഈ നീക്കം. ഇറാന് പുറമെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനും വിവിധ രാജ്യങ്ങൾക്ക് ട്രംപ് താൽക്കാലിക അനുമതി നൽകിയിട്ടുണ്ട്.
യുദ്ധം മൂലം കുതിച്ചുയരുന്ന ക്രൂഡ് ഓയിൽ വില പിടിച്ചുനിർത്തുകയാണ് ട്രംപിന്റെ പ്രധാന ലക്ഷ്യം. റഷ്യയിൽ നിന്നും ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നതിന് തടസ്സമില്ലാത്തത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് വലിയ സാമ്പത്തിക ആശ്വാസമാകും. വിതരണ ശൃംഖല പുനഃസ്ഥാപിക്കുന്നതിലൂടെ ആഗോള വിപണിയിലെ അനിശ്ചിതത്വം ഒഴിവാക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് കരുതപ്പെടുന്നു.
ഇറാനെ എണ്ണ വിൽക്കാൻ അനുവദിക്കുമ്പോഴും അവരുടെ ആണവ പദ്ധതികൾക്ക് മേലുള്ള കർശന നിരീക്ഷണവും നിയന്ത്രണങ്ങളും തുടരുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിൻ്റെ ഈ പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.
Hormuz Crisis: Trump opens market to Iran to reduce oil prices; India also relieved














