ഹോർമുസ് സുരക്ഷ: അമേരിക്കൻ സഖ്യകക്ഷികൾ പിന്മാറി; സഹകരിക്കാൻ തയ്യാറാണെന്ന് യു.എ.ഇ

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് സുരക്ഷയൊരുക്കാനുള്ള അമേരിക്കയുടെ നീക്കത്തിൽ പങ്കുചേരാൻ തയ്യാറാണെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) അറിയിച്ചു. തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള ചരക്ക് നീക്കം സുരക്ഷിതമാക്കാൻ അന്താരാഷ്ട്ര തലത്തിൽ കൂട്ടായ ശ്രമങ്ങൾ വേണമെന്നും യു.എ.ഇ വ്യക്തമാക്കി.

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ അഭ്യർത്ഥനപ്രകാരം മേഖലയിലേക്ക് യുദ്ധക്കപ്പലുകൾ അയക്കാൻ പല പ്രമുഖ സഖ്യകക്ഷികളും വിമുഖത പ്രകടിപ്പിച്ച സാഹചര്യത്തിലാണ് യു.എ.ഇയുടെ ഈ പ്രതികരണം. യു.എ.ഇ പ്രസിഡൻ്റിൻ്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷാണ് അബുദാബിയുടെ നിലപാട് വ്യക്തമാക്കിയത്. മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാനാണ് യു.എ.ഇ മുൻഗണന നൽകുന്നതെന്ന് കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്ക് ലോക വ്യാപാരത്തിന് അത്യാവശ്യമായ ഒരു അന്താരാഷ്ട്ര പാതയാണ്. അതിനാൽ തന്നെ ഇതിൻ്റെ സുരക്ഷാ ഉത്തരവാദിത്തം പ്രാദേശിക രാജ്യങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ഏത് സുരക്ഷാ പദ്ധതിയുമായും സഹകരിക്കാൻ യു.എ.ഇ സന്നദ്ധമാണ്. ഊർജ്ജ-വ്യാപാര മേഖലകളെ തടസ്സപ്പെടുത്തുന്ന നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ച് നീങ്ങണമെന്നുമാണ് യു.എ.ഇയുടെ പക്ഷം. നിലവിൽ ഇതിനായി ഔദ്യോഗിക പദ്ധതികൾ രൂപീകരിച്ചിട്ടില്ലെങ്കിലും ചർച്ചകൾ തുടരുകയാണെന്ന് അൻവർ ഗർഗാഷ് അറിയിച്ചു.

ലോകത്തെ എണ്ണ വിതരണത്തിൻ്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ തന്ത്രപ്രധാനമായ പാതയിൽ സുരക്ഷയൊരുക്കാൻ യുദ്ധക്കപ്പലുകൾ അയക്കണമെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ആവശ്യം പല സഖ്യകക്ഷികളും നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎഇയുടെ പ്രതികരണം.

Hormuz security: American allies withdraw; UAE says ready to cooperate

More Stories from this section

family-dental
witywide