ട്രംപിന് കനത്ത ഷോക്കുമായി ഡെമോക്രാറ്റുകൾ, യുദ്ധാധികാര പ്രമേയം സഭയിൽ കൊണ്ട് വരുമെന്ന് പ്രഖ്യാപനം; ഇറാൻ വിഷയത്തിൽ വിമ‌ർശനം കടുത്തു

വാഷിം​ഗ്ടൺ: ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് പിന്നിൽ കൃത്യമായ കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ ട്രംപ് ഭരണകൂടം പരാജയപ്പെട്ടുവെന്ന് യുഎസ് ഹൗസ് മൈനോറിറ്റി ലീഡർ ഹക്കീം ജെഫ്രീസ്. ഇറാൻ അമേരിക്കയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നോ എന്ന കാര്യത്തിൽ വ്യക്തമായ ഇന്റലിജൻസ് വിവരങ്ങൾ തനിക്ക് ലഭ്യമായിട്ടില്ലെന്നും ഇതുവരെയുള്ള നടപടികളെ ന്യായീകരിക്കാൻ തക്ക തെളിവുകളൊന്നും അധികൃതർ മുന്നോട്ടുവെച്ചിട്ടില്ലെന്നും സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ഗ്യാങ് ഓഫ് എയിറ്റ് യോഗത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങളോട് ഇത്തരം നിർണ്ണായക വിവരങ്ങൾ വെളിപ്പെടുത്താൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മധ്യേഷ്യയിൽ പരാജയത്തിൽ കലാശിക്കുന്ന മറ്റൊരു അനന്തമായ യുദ്ധത്തിലേക്ക് രാജ്യം വലിച്ചെഴയ്ക്കപ്പെടാനല്ല അമേരിക്കൻ ജനത ആഗ്രഹിക്കുന്നതെന്ന് ജെഫ്രീസ് ഓർമ്മിപ്പിച്ചു. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കുന്നതിനും മുൻഗണന നൽകുന്നതിന് പകരം ബോംബുകൾക്കായി ശതകോടിക്കണക്കിന് ഡോളർ കണ്ടെത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. രാജ്യത്തെ സാധാരണക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പണമില്ലെന്ന് പറയുന്നവർ യുദ്ധത്തിനായി വലിയ തോതിൽ വിഭവങ്ങൾ സമാഹരിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം വിമർശിച്ചു.

അമേരിക്കൻ ഭരണഘടന പ്രകാരം യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം കോൺഗ്രസിനാണെന്ന് ചൂണ്ടിക്കാട്ടിയ ജെഫ്രീസ്, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചു. ജനങ്ങളെ അനാവശ്യ യുദ്ധങ്ങളിലേക്ക് നയിക്കുകയും അവരെ ദാരിദ്ര്യത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിവിടുകയും ചെയ്യുന്ന ഭരണാധികാരികളെ നിയന്ത്രിക്കാനാണ് ഭരണഘടനാ ശില്പികൾ ഇത്തരം വ്യവസ്ഥകൾ ഉൾപ്പെടുത്തിയത്. ട്രംപിന്റെ ഏകപക്ഷീയമായ സൈനിക നീക്കങ്ങൾക്കെതിരെ യുദ്ധാധികാര പ്രമേയം സഭയിൽ കൊണ്ടുവരുമെന്നും ഹക്കീം ജെഫ്രീസ് വ്യക്തമാക്കി.

More Stories from this section

family-dental
witywide