
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ എണ്ണക്കമ്പനിയായ അരാംകോയുടെ കിഴക്കൻ പ്രവിശ്യയിലെ കോമ്പൗണ്ടിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. ആക്രമണത്തെത്തുടർന്ന് കോമ്പൗണ്ടിലെ ഒരു അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായതായി സൗദി ഊർജ്ജ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ തീപിടിത്തം ഉടനടി നിയന്ത്രണവിധേയമാക്കാൻ സാധിച്ചെന്നും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ കൂടുതൽ വഷളാക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. ചൊവ്വാഴ്ച രാത്രി ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും സൗദി സഖ്യസേനയും തമ്മിൽ ശക്തമായ ആക്രമണ പ്രത്യാക്രമണങ്ങൾ നടന്നിരുന്നു. സൗദിയിലെ പ്രധാന എണ്ണ ഉൽപ്പാദന മേഖലയായ കിഴക്കൻ പ്രവിശ്യയിലേക്കും തലസ്ഥാനമായ റിയാദിലേക്കും ഹൂതികളുടെ മിസൈൽ പാഞ്ഞടുക്കുന്നതായി സൗദി സഖ്യസേന ജാഗ്രതാ നിർദ്ദേശം നൽകിയതിന് തൊട്ടുപിന്നാലെയാണ് അരാംകോയ്ക്ക് നേരെ ആക്രമണമുണ്ടായത്. പ്രദേശത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതായി സൗദി അധികൃതർ അറിയിച്ചു.
Houthi attack in Saudi Arabia again; fire at Aramco oil company complex.















