യെമനിൽ വ്യാപക വ്യോമാക്രമണവുമായി സൗദി; ഓടിക്കൊണ്ടിരുന്ന ബസിനും ട്രക്കിനും മുകളിലേക്ക് മിസൈലുകൾ പതിച്ച് 26 മരണം

സന: യെമനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ലാഹിജിലുണ്ടായ വ്യോമാക്രമണത്തിൽ 14 സാധാരണക്കാരും 12 ഹൂതി പോരാളികളും ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടു. ലാഹിജിലെ വാദി മാബഖ് മേഖലയിലൂടെ കടന്നുപോവുകയായിരുന്ന ബസിനും ട്രക്കിനും മുകളിലേക്ക് മിസൈലുകൾ പതിക്കുകയായിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾ പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു.

യെമൻ സർക്കാരിന്റെ താൽക്കാലിക തലസ്ഥാനമായ ഏദനിലേക്ക് ഹൂതി വിമതർ മുന്നേറുന്ന യുദ്ധമുന്നണിയിലാണ് ആക്രമണം നടന്നത്. ഹൂതികളുടെ രണ്ട് സൈനിക വാഹനങ്ങളെ ലക്ഷ്യമിട്ട് സൌദി സഖ്യസേനയുടെ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിനിടെ, അതുവഴി കടന്നുപോവുകയായിരുന്ന യാത്രാ ബസിലും ട്രക്കിലും മിസൈലുകൾ പതിക്കുകയായിരുന്നുവെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, ആക്രമണത്തെച്ചൊല്ലി ഹൂതി വിമതരും യെമൻ സർക്കാരും പരസ്പരം പഴിചാരുകയാണ്. ആക്രമണത്തിന് പിന്നിൽ സൗദി വ്യോമസേനയാണെന്ന് ആരോപിച്ച ഹൂതി സൈനിക വക്താവ് യഹ്യ സാരി, ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി. യുദ്ധവിമാനങ്ങൾ പ്രദേശത്ത് തുടർച്ചയായി വട്ടമിട്ട് പറന്നത് രക്ഷാപ്രവർത്തനത്തെയും ആംബുലൻസുകളുടെ വരവിനെയും തടസ്സപ്പെടുത്തിയതായും ഹൂതി അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, സൈനിക അടയാളങ്ങളില്ലാത്ത സാധാരണക്കാരുടെ വാഹനങ്ങൾക്ക് നേരെ ഹൂതികളാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് യെമൻ സർക്കാർ സൈനിക വക്താവ് മാജിദ് അൽ-നസ്‌ലി ആരോപിച്ചു.

തിങ്കളാഴ്ച തന്നെ യെമനിലെ തീരദേശ പ്രവിശ്യയായ ഹൊദൈദയിൽ നടന്ന മറ്റൊരു വ്യോമാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ജൂലൈയിൽ വെടിനിർത്തൽ കരാർ തകർന്നതോടെ സൗദി സഖ്യസേനയും ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം യെമനിൽ വീണ്ടും അതിരൂക്ഷമായിരിക്കുകയാണ്.

Saudi Arabia launches widespread airstrikes in Yemen; 26 killed as missiles strike a moving bus and a truck.

More Stories from this section

family-dental
witywide